മൂവാറ്റുപുഴ: എത്തക്കാ വിലയിടിവിൽ ദുരിതത്തിലായ കർഷകരെ സഹായിക്കാൻ ഹോർട്ടികോർപ്പ് ഏത്തക്ക സംഭരിക്കണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു. ഉല്പാദനം വർദ്ധിച്ചതോടെ സംസ്ഥാനത്ത് ഏത്തക്കായുടെ വില ഇടിഞ്ഞു. ഇതോടെയാണ് കർഷകർ ദുരിതത്തിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് ഏത്തക്കയുടെ വരവ് വർദ്ധിച്ചതും തിരിച്ചടിയായി.
വയനാട്ടിലെ കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൃഷി വകുപ്പ് എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പ് വഴി വിപണനം ശക്തമാക്കി. താങ്ങുവില കിലോക്ക് 30 രൂപ ഉണ്ടെങ്കിലും മാർക്കറ്റുകളിൽ വില 15 രൂപയിലേക്ക് താഴ്ന്നു. കൊവിഡ് കാലമായതിനാൽ ചിപ്‌സ് നിർമ്മാണ യൂണിറ്റുകളും സജീവമല്ല. ജനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് മറ്റ് പഴ വർഗങ്ങളാണ്. മൂവാറ്റുപുഴ, കോതമംഗലം, പിറവം, കുന്നത്തുനാട് ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ വൻ തോതിലാണ് വാഴക്കൃഷി ചെയ്യുന്നത്.ഈ പ്രദേശങ്ങളിലെ കർഷകർ ഇ ഇ.സി മാർക്കറ്റിലാണ് ഏത്തക്ക എത്തിക്കുന്നത്. പ്രതിദിനം 8 ടൺ ഏത്തക്കാ എത്തുമ്പോൾ ലേലത്തിൽ ചെറിയ തുകയ്ക്ക് വിളിക്കാനെ കച്ചവടക്കാർ തയ്യാറാകുന്നുള്ളു.