പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് ഭരണം പിടിക്കാൻ കച്ചകെട്ടി മുന്നണികൾ. ഇരുപത്തിരണ്ട് വാർഡുകളിലും ഇക്കുറി ത്രികോണ മത്സരമാണ്. ഇടത്, വലത് മുന്നണികൾക്കൊപ്പം എൻ.ഡി.എയും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. ഇടത് - വലത് മുന്നണികൾ മാറി മാറി ഭരിച്ച ചരിത്രം കോട്ടുവള്ളിക്കുള്ളത്. കഴിഞ്ഞ ഭരണ സമിതിയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിട്ടും യു.ഡിഎഫിന് പ്രസിഡന്റ് പദവി നഷ്ടപ്പെട്ടു. പട്ടികജാതി വനിതക്ക് പ്രസിഡൻറ് സ്ഥാനം സംവരണം ചെയ്തിരുന്ന പഞ്ചായത്തിൽ യു.ഡി.എഫിന് പട്ടികജാതി വനിതയെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിനാൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ലഭിച്ചു. വൈസ് ചെയർമാൻ സ്ഥാനം കൊണ്ട് യു.ഡി.എഫ് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി നേടി എൽ.ഡി.എഫ് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കുറി കൂടുതൽ സീറ്റുകൾ നേടി ഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടത് - വലത് മുന്നണികൾ. നിലവിലുണ്ടായിരുന്ന ഒരു സീറ്റ് വർധിപ്പിക്കാൻ എൻ.ഡി.എയും ശ്രമിക്കുന്നു. പല വാർഡുകളിലും അട്ടിമറി വിജയമാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്.