കൊച്ചി: സ്വപ്ന സുരേഷുമായി സൗഹൃദമുണ്ടായിരുന്നതിന്റെ പേരിൽ തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നും ഇതുവരെ ശേഖരിച്ച തെളിവുകളൊന്നും അതിന് പര്യാപ്തമല്ലെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ശിവശങ്കറിനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വീഡിയോ കോൺഫറൻസിലൂടെ ഹാജരായി.

ശിവശങ്കറും സ്വപ്നയും തമ്മിൽ സൗഹൃദമുണ്ടായിരുന്നെന്ന് (സോഷ്യൽ റിലേഷൻഷിപ്പ്‌) ഇരുവരുടെയും മൊഴിയിലുണ്ട്. ശിവശങ്കറിന് സ്വപ്നയുമായും അവരുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുമാത്രം സ്വർണക്കടത്തിന് സ്വപ്നയെ സഹായിച്ചെന്ന് പറയാനാവില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷൻ വ്യക്തമാക്കി. സ്വപ്നയുടെ ആവശ്യപ്രകാരം കസ്റ്റംസ് ഒാഫീസറെ വിളിച്ചിട്ടില്ലെന്നും വാദിച്ചു. ശിവശങ്കർ വിളിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴിയുണ്ടോയെന്ന് ഇൗ ഘട്ടത്തിൽ കോടതി ആരാഞ്ഞു.

ശിവശങ്കറിന്റെ വാദം എട്ടിന് തുടരും. ഇ.ഡിക്കുവേണ്ടി അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹാജരായി.

ശിവശങ്കറിന്റെ വാദങ്ങൾ

-- 2018ലാണ് സ്വപ്നയ്‌ക്ക് ലോക്കർ എടുത്തുനൽകാൻ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് ആവശ്യപ്പെട്ടെന്നു പറയുന്നത്. 2019 നവംബർ മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് സ്വർണക്കടത്തു നടന്നത്. തീയതികളിലെ വ്യത്യാസം മറച്ചുവച്ച് സ്വർണക്കടത്തിനെ ലോക്കർ ഇടപാടുമായി ബന്ധിപ്പിക്കാനാണ് ശ്രമം

-- സ്വപ്നയ്‌ക്ക് ടിപ്പായി ലഭിച്ച 34 ലക്ഷം രൂപ സൂക്ഷിക്കാൻ ലോക്കർ എടുത്തുനൽകാനാണ് ആവശ്യപ്പെട്ടത്. ഇതിന്റെ താക്കോൽ അന്നുതന്നെ സ്വപ്നയ്ക്ക് നൽകി. എൻ.ഐ.എ ഒരു കോടി രൂപ കണ്ടെടുത്തത് മറ്റൊരു ലോക്കറിൽ നിന്നാണ്. അതുമായി ബന്ധമില്ല. ജാമ്യഹർജി പരിഗണിക്കുമ്പോൾ പുതിയ കേസുകൾ ഉന്നയിക്കുകയാണ്

-- സ്വപ്നയുടെ മൊഴിയുടെ പേരിലാണ് പുതിയ ആരോപണങ്ങൾ. സ്വർണക്കടത്തിൽ പിന്നീടാണ് പ്രതിചേർത്തത്. അന്വേഷണസംഘം കോടതിയിൽ നൽകിയ പല രേഖകളുടെയും പകർപ്പ് ലഭിച്ചിട്ടില്ല. ഒരാൾ അറസ്റ്റിലായാൽ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിരോധനനിയമത്തിലെ സെക്‌ഷൻ 50 പ്രകാരം നൽകുന്ന മൊഴി നിലനിൽക്കില്ല