കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതും യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസുകൾ എടുക്കാനുള്ള സർക്കാർ നീക്കവും രാഷ്ട്രീയ പ്രേരിതമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകങ്ങളാണ് ഇതെല്ലാം. യു.ഡി.എഫിന് പുറത്തുള്ള കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്നാണ് പൊതു നിലപാട്. എന്നാൽ പ്രാദേശികതലത്തിലെ നീക്കുപോക്കുകളെ കുറിച്ച് തനിക്കറിയില്ലെന്ന് വെൽഫെയർ പാർട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി താരിഖ് അൻവർ പറഞ്ഞു. കേരളത്തിൽ പൊതുവെ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ്. സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും തന്നെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ. വിവാദങ്ങൾ മാത്രമാണ് കേരളത്തിലെന്നും ഭരണം നടക്കുന്നില്ലെന്നും താരിഖ് അൻവർ പറഞ്ഞു.