 
ആലുവ: തുരുത്ത് റെയിൽവേ നടപ്പാതയുടെ പ്രവേശന കവാടത്തിൽ സൂക്ഷിച്ചിട്ടുള്ള ഇരുമ്പു ഗാർഡർ യാത്രക്കാർക്ക് തടസമായി. 12 അടിയോളം ഉയരത്തിൽ അട്ടിയിട്ടിരിക്കുന്ന നൂറോളം ഇരുമ്പു ഗർഡറുകൾക്കരികിലൂടെയുള്ള ഇടുങ്ങിയ പാതയിലൂടെയാണ് യാത്രക്കാർക്ക് സഞ്ചരിക്കാനാവുക.
ഒന്നര വർഷത്തോളമായി ഇതാണവസ്ഥ. പച്ചിലക്കാട് മൂടിയ ഇവ തുരുമ്പെടുത്തു തുടങ്ങി. ഉയരത്തിൽ അട്ടിയിട്ടിരിക്കുന്ന ഗർഡറുകൾ കാരണം രാത്രിയിൽ ഇവിടെ തെരുവുവിളക്കുകളുടെ പ്രകാശം പോലും ലഭിക്കില്ല. മഹാത്മാഗാന്ധി ടൗൺഹാളിന് സമീപത്തുകൂടി നടപ്പാലത്തിലേയ്ക്ക് എത്തിച്ചേരുന്ന റോഡ് അവസാനിക്കുന്നിടത്താണ് പ്രതിബന്ധമായി ഗർഡറുകൾ അട്ടിയിട്ടിരിക്കുന്നത്. സ്ത്രീകളും, വിദ്യാർത്ഥികളും ഉൾപ്പടെ നിരവധിയാളുകൾ തുരുത്ത്, പുറയാർ, കിഴക്കേ ദേശം എന്നിവടങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നത് എളുപ്പ വഴിയാണ്. ഗാർഡറുകളുടെ മറയിൽ സാമൂഹ്യ വിരുദ്ധർ പതുങ്ങി നിന്ന് യാത്രക്കാരെ ആക്രമിക്കാനും സാധ്യതയുണ്ട്. റെയിൽവേ അധികൃതരുടെ അനാസ്ഥയാണ് യാത്രക്കാർക്ക് തടസം സൃഷ്ടിച്ച് ഗാർഡറുകൾ സൂക്ഷിക്കാൻ കാരണമെന്നാണ് ആക്ഷേപം.
നിവേദനം നൽകി
ഗാർഡറുകൾ റെയിൽവേയുടെ മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് നീക്കിവച്ച് സുരക്ഷിതവും, സുഗമവുമായ യാത്രയ്ക്ക് വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർക്കും, ബെന്നി ബെഹന്നാൻ എം.പി യ്ക്കും നിവേദനം നൽകി.