sindhu1
സിന്ധു പശുവിനെ പാല്‍ കറന്ന് വീടുകളില്‍ പാല്‍ എത്തിക്കുന്നു


പെരുമ്പാവൂർ: ''പാൽ തരുന്ന കൈക്ക് ഒരു വോട്ട്'',പെരുമ്പാവൂർ നഗരസഭയിലെ 25ാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി പി. എസ്. സിന്ധു വോട്ട് ചോദിക്കുമ്പോൾ ഓർമ്മ വരുന്നതാണിത്. യു.ഡി. എഫ് സ്ഥാനാർത്ഥിയായ സിന്ധു ഒരു ക്ഷീരകർഷകയാണ്. തീർത്തും ദരിദ്രകുടുംബമായ സിന്ധുവിന്റെ വീടും വീട്ട് ചിലവും കഴിയുന്നത് പശുവിനെ വളർത്തിയാണ്. അതിരാവിലെ തന്നെ പശുവിനെ കുളിപ്പിച്ച് പാൽ കറന്ന് നാട്ടിലുളളവർക്ക് എത്തിച്ചാണ് സിന്ധുവും കുടുംബവും കഴിയുന്നത്. ഇതിന് ശേഷമാണ് പ്രചരണം. കൈപ്പത്തി ചിഹ്നത്തിലാണ് സിന്ധു മത്സരിക്കുന്നത്.പ്രചരണത്തിനിടെ വീണ് കിട്ടുന്ന ഇടവേളകൾ പശുവിനും പൈകിടാവിനും വെളളം കൊടുക്കാനും തീറ്റ നൽകാനും ഉപയോഗപ്പെടുത്തും. പാറപ്പുറം തെറ്റിക്കോട്ട് ലെയിനിലാണ് സിന്ധുവും കുടുംബവും താമസിക്കുന്നു. വർഷങ്ങളായി പാൽ വിതരണം ചെയ്യുന്ന വീട്ടുകാരും നാട്ടുകാരും സിന്ധുവിന് നൽകുന്നത് നൂറ് മാർക്കാണ്. കാരണം മറ്റൊന്നുമല്ല പാലിന്റെ ഗുണമേൻമ തന്നെ.ആ സത്യസന്ധതയെയാണ് സ്ഥാനാർത്ഥിത്വം തേടിയെത്തിയതും.അയൽപ്പക്ക നാട്ടിലുള്ള എതിർസ്ഥാനാർത്ഥി എൽ.ഡി.എഫിന്റെ പി.സി.ബാബുവാണ്. വാർഡിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും വ്യക്തമായി അറിയുന്നതും അവരുമായി വർഷങ്ങളായി ഉള്ള ബന്ധവും വോട്ടായി മാറുമെന്ന് തന്റെ വിജയസാധ്യതയായി സിന്ധു പറയുന്നു. കുടുംബശ്രീ പ്രവർത്തനങ്ങളിലും തെറ്റിക്കോട്ട് ലെയിൻ റസിഡന്റ്സ് അസോസിയേഷന്റെയും സജീവ പ്രവർത്തകയാണ് സിന്ധു.