g

തൃക്കാക്കര : യുവതിയെ ബൈക്കിൽ പിന്തുടർന്ന് അളൊഴി‌ഞ്ഞ ഇടത്ത് വച്ച് ഉപദ്രവിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഞാറക്കൽ സ്വദേശി തുണ്ടിയിൽ വീട്ടിൽ അലക്സ് ദേവസിയാണ് (25 ) പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കേസിൽ കൂട്ടുപ്രതിയായ യദുകൃഷ്ണനെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

ദിപാവലിയുടെ തലേദിവസമാണ് കേസിനാസ്പദമായ സംഭവം. മോഷ്ടിച്ച ബൈക്കിൽ പരാതിക്കാരിയുടെ സ്കൂട്ടറിന് പിന്നാലെ കൂടിയ അലക്സും യദവും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തടഞ്ഞ് നിർത്തി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ യുവതി നേരിട്ട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്നത് മോഷ്ടിച്ച ബൈക്കിലാണെന്ന് കണ്ടെത്തി. ഈ വിവരം ട്രാഫിക്ക് പൊലീസിനടക്കം കൈമാറിയിരുന്നു. തൊട്ടടുത്ത ദിവസം എറണാകുളത്ത് വച്ച് ട്രാഫിക്ക് പൊലീസ് നടത്തിയ പരിശോധനയിൽ വാഹനം കണ്ടെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. എറണാകുളം അസി.പൊലീസ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ തോമസ്, വിപിൻ ദാസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്,ശ്രീകാന്ത്, രഞ്ജിത്ത് ഇഗ്നേഷ്യസ് ശിഹാബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.