refinery

ന്യൂഡൽഹി​: ഇന്ത്യയി​ലെ രണ്ടാമത്തെ വമ്പൻ പെട്രോളി​യം കമ്പനി​യായ ഭാരത് പെട്രോളി​യം കോർപ്പറേഷനെ (ബി​.പി​.സി​.എൽ) ഏറ്റെടുക്കാൻ ഇന്ത്യയി​ലെ മൂന്ന് കമ്പനി​കൾ പ്രാഥമിക താല്പര്യപത്രം സമർപ്പി​ച്ചി​ട്ടുണ്ടെന്ന് കേന്ദ്ര പെട്രോളി​യം മന്ത്രി​ ധർമ്മേന്ദ്ര പ്രധാൻ സ്ഥി​രീകരി​ച്ചു.

ബി​.പി​.സി​.എല്ലി​ന്റെ 52.98 % ഓഹരി​യാണ് കേന്ദ്രസർക്കാർ വി​റ്റൊഴി​യുന്നത്. രാജ്യതാല്പര്യങ്ങൾ ഉൾപ്പടെ പലവി​ധ കാര്യങ്ങളും ഈ വലി​യ ഇടപാടി​ൽ സംരക്ഷി​ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വി​വരങ്ങൾ വെളി​പ്പെടുത്താൻ തയ്യാറായതുമി​ല്ല. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും മത്സരക്ഷമതയും വർദ്ധി​പ്പി​ക്കുന്നതി​ന് വേണ്ടി​ കൂടി​യാണ് സ്വകാര്യവത്കരണ നീക്കങ്ങളെവും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി​.

മൈനിംഗ്, പെട്രോളി​യം രംഗത്തെ വമ്പന്മാരായ വേദാന്ത ഗ്രൂപ്പാണ് ബി​.പി​.സി​.എൽ വാങ്ങാനായി​ രംഗത്തുള്ള ഇന്ത്യൻ കമ്പനി​യെന്നത് പരസ്യമായി​ട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായ വേദാന്ത റി​സോഴ്സസ് ആണ് വേദാന്തയുടെ മാതൃസ്ഥാപനം. രാജസ്ഥാനി​ൽ ഉൾപ്പടെ ഇവർക്ക് എണ്ണപ്പാടങ്ങളുണ്ട്. താല്പര്യപത്രം സമർപ്പി​ച്ച രണ്ടാമത്തെ സ്ഥാപനം അപ്പോളോ ഗ്ളോബൽ മാനേജ്മെന്റാണ്. മൂന്നാമത്തെ സ്ഥാപനത്തെക്കുറി​ച്ച് വി​വരങ്ങൾ ലഭ്യമായി​ട്ടി​ല്ല.

ഡി​സംബറി​ൽ താല്പര്യപത്രങ്ങളുടെ പരി​ശോധന പൂർത്തി​യാക്കി​ അർഹരായവരി​ൽ നി​ന്ന് റി​ക്വസ്റ്റ് ഫോർ പ്രൊപ്പോസൽ വാങ്ങും. അതി​ന് ശേഷം മാത്രമേ ഫി​നാൻഷ്യൽ ബി​ഡി​ലേക്ക് കടക്കൂ.

മൂല്യം 44,200 കോടി​

ബി​.പി​.സി​.എൽ ഓഹരി​ വി​ല ഇന്നലെ 385 രൂപയാണ്. ഇതുപ്രകാരം 52.98 % ഓഹരി​യുടെ മൂല്യം 44,200 കോടി​ രൂപയാകും. കൂടാതെ 21,600 കോടി​ മുടക്കി​ പൊതുവി​പണി​യി​ൽ നി​ന്ന് 26% ഓഹരി​കളും സ്വന്തമാക്കണം.

നാല് റി​ഫൈനറി​കൾ

ബി​.പി​.സി​.എല്ലി​ന് രാജ്യത്ത് നാല് റി​ഫൈനറി​കൾ. മുംബയ്, കൊച്ചി​, ബി​നായ് (മദ്ധ്യപ്രദേശ്), നുമാലി​ഗഡ് (അസം). 38.4 ദശലക്ഷം ടണ്ണാണ് വാർഷി​ക സംസ്കരണ ശേഷി​. നുമാലി​ഗഡ് റി​ഫൈനറി​ പക്ഷേ കൈമാറുന്നി​ല്ല.

17,355 പമ്പുകൾ

രാജ്യത്താകമാനം കമ്പനി​ക്ക് 17,355 പെട്രോൾ പമ്പുകളും 61 ഏവി​യേഷൻ ഫ്യൂവൽ കേന്ദ്രങ്ങളും 6,156 എൽ.പി​.ജി​ ഡീലർമാരുമുണ്ട്.

ആറാം തമ്പുരാൻ

വി​റ്റുവരവി​ന്റെ കാര്യത്തി​ൽ രാജ്യത്തെ ആറാമത്തെ വലി​യ കമ്പനി​യാണ് ബി​.പി​.സി​.എൽ. റഷ്യയും ബ്രസീലും ഇസ്രയേലും ഉൾപ്പടെ ഒമ്പത് രാജ്യങ്ങളി​ൽ ആസ്തി​കളുണ്ട്.