വൈപ്പിൻ: ക്രമസമാധാനപാലനത്തിലും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിലും മാതൃകയായ മുനമ്പം പൊലീസ് യുവാക്കളെ കളിക്കളത്തിലേക്ക് കൊണ്ടുവരുന്നതിനും മുന്നിട്ടിറങ്ങുന്നു. മദ്യത്തിലും മയക്കുമരുന്നിലുംനിന്ന് യുവാക്കളെ മോചിതരാക്കി അവരെ ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉടമകളാക്കുന്നതിലൂടെ സമൂഹത്തിന് മുതൽക്കൂട്ടാക്കാൻ പുതിയൊരു പദ്ധതിയൊരുക്കുകയാണ് മുനമ്പം ജനമൈത്രി പൊലീസ്.

പൊലീസിന്റെ പതിവ് പട്രോളിംഗിനിടെ പലയിടങ്ങളിലും പ്രത്യേകിച്ച് നേരമ്പോക്ക് ഒന്നുമില്ലാതെ കൂട്ടംകൂടിയിരുന്ന് സമയംകളയുന്ന നിരവധി കൗമാരക്കാരെയും യുവാക്കളെയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നാട്ടിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കളിക്കളങ്ങളോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബുകളോ ഇപ്പോഴില്ല. ഇവരെ ഒന്നിച്ച് ചേർത്ത് പഴയപോലെ കളിക്കളത്തിലെത്തിച്ചാൽ അതുവഴി അവർ തെറ്റായ മാർഗങ്ങളിലേക്കും മോശം ശീലങ്ങളിലേക്കും വഴുതിവീഴുന്നത് തടയാനാകുമെന്ന ചിന്തയിലേക്കാണ് മുനമ്പം പൊലീസ് എത്തിച്ചേർന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്ന തിരിച്ചറിവാണ് മുനമ്പം പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിലുള്ള കളിക്കളങ്ങൾ കണ്ടെത്തി ചുറ്റുവട്ടത്തുള്ള ചെറുപ്പക്കാരെ കോർത്തിണക്കി കളികളും കായിക വിനോദങ്ങളും സംഘടിപ്പിക്കുവാനും അതിലേക്കാവശ്യമായ കളി ഉപകരണങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കുവാനുമാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

ക്രിക്കറ്റ് , ഫുട്‌ബാൾ, വോളിബാൾ, ടേബിൾ ടെന്നീസ്, ക്യാരംസ്, ചെസ് തുടങ്ങി ചെറുതും വലുതമായ കളിക്കളങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാൻ പ്രദേശത്തെ സൻമനസുകളെ തേടുകയാണ് പൊലീസ്. ലഭിക്കുന്ന ഉപകരണങ്ങൾ നാട്ടിൽ എല്ലായിടത്തും അർഹരായവർക്ക് വിതരണം ചെയ്യുകയും ചെയ്യും.

സ്റ്റേഷൻ ഹൗസ് ഓഫീസർ എ കെ സുധീറും സഹപ്രവർത്തകരും ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തികഴിഞ്ഞു. സൻമനസുള്ളവരുടെ സഹകരണമാണ് ഇനി ആവശ്യം. വിവറങ്ങൾക്ക്: 0484 2488023, 9497980481, 7012490621.