ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാലാം വട്ടവും മത്സരിക്കുന്ന സി.പി.എം ഏരിയ കമ്മിറ്റിയംഗത്തിന് പാർട്ടി ചിഹ്നം നൽകാത്തതിന്റെ പേരിൽ പ്രവർത്തകരിൽ അമർഷം. നിലവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ബീന അലിയാണ് ഇക്കുറിയും സ്വതന്ത്ര ചിഹ്നത്തിൽ ജനവിധി തേടുന്നത്.

പാർട്ടി അംഗം പോലുമല്ലാത്തവർ വരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോഴാണ് ബീന അലി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 300 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിച്ച വാർഡാണിത്. വനിത സംവരണ വാർഡ് ആയിരിക്കെയാണ് ബീന അലി അദ്യമായി മത്സരിക്കുന്നത്. അടുത്ത തവണ ജനറലായപ്പോഴും ഇതേവാർഡിൽ മത്സരിച്ച് ജയിച്ചു. വീണ്ടും വനിത സംവരണമായപ്പോൾ വിജയം ബീന അലിക്കൊപ്പമായിരുന്നു. മൂന്ന് വട്ടവും തുടർച്ചയായി ജയിച്ചിട്ടും എന്തുകൊണ്ടാണ് ആത്മവിശ്വാസ കുറവെന്നാണ് അണികൾ ചോദിക്കുന്നത്. ഇതേപഞ്ചായത്തിൽ തന്നെ സാധാരണ അംഗങ്ങൾ വരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. ഏരിയ അതിർത്തിയാൽ പാർട്ടി അംഗമല്ലാത്ത നിരവധി പേരും പാർട്ടി ചിഹ്നത്തിൽ ജനവിധി തേടുന്നുണ്ട്.

യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷെഫീക്കാണ് ബീന അലിയുടെ മുഖ്യ എതിരാളി. എൻ.ഡി.എ സ്ഥാനാർത്ഥി സ്മിജേഷ്, ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി ഇവിടെ മത്സരിക്കുന്നുണ്ട്.