ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് 14 -ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റബൽ സ്ഥാനാർത്ഥിയെ നിർത്തിയ കോൺഗ്രസ് മണ്ഡലം - ബൂത്ത് ഭാരവാഹികളായ അഞ്ച് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു.

കോൺഗ്രസ് മണ്ഡലം - ബൂത്ത് ഭാരവാഹികളായ നാസർ തോട്ടത്തിൽ, സിയാദ് കാരോത്തുകുഴി, എ.വി. വിജയാനന്ദൻ, പരീത് പിള്ള കാരോത്തുകുഴി, മുഹമ്മദ് ബാബു എന്നിവർക്കെതിരെയാണ് നടപടി. മുന്നണി മുസ്ലിം ലീഗിന് അനുവദിച്ച സീറ്റാണിത്. ഇവിടെ ഹൈറുന്നിസയാണ് മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സി.പി.ഐ പ്രവർത്തകന്റെ ഭാര്യയെയാണ് ഇവിടെ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടവർ പിന്തുണച്ചതെന്നാണ് ആക്ഷേപം.കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റബലായി മത്സരിക്കുന്ന സെമീന ഷൗക്കത്തലിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.