കൊച്ചി: ബുറേവി ചുഴലിക്കാറ്റ് ജില്ലയിലെ 41 പ്രദേശങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അപകടസാദ്ധ്യതാ പ്രദേശങ്ങളുടെ പട്ടിക ജില്ലാഭരണകൂടം പുറത്തുവിട്ടു. മുവാറ്റുപുഴ,കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 സ്വയംഭരണ സ്ഥാപനങ്ങളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതൽ നടപടികൾ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ വിലയിരുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്യാമ്പുകൾ ആരംഭിക്കാൻ കളക്ടർ നിർദ്ദേശിച്ചു. ജനറൽ, കൊവിഡ് രോഗികൾ, 60 വയസിനു മുകളിലുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് പ്രത്യേകമാണ് ക്യാമ്പുകൾ തുടങ്ങേണ്ടത്. ജില്ലയിലെ ക്രമീകരണങ്ങൾ ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തും. ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാവാൻ സാദ്ധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താനും സാഹചര്യം ഗൗരവപൂർവം കാണണമെന്നും നിർദ്ദേശം നൽകി. ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിൽ 150 മുതൽ 204 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തന സജ്ജമാക്കും. മണ്ണിടിച്ചിൽ മേഖലയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുകൾ കൃത്യസമയത്തു കൈമാറുകയും മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റുകയും വേണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ അന്നൗൺസ്മെന്റ് വഴി മുന്നറിയിപ്പ് നൽകും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ രാവിലെ ഏഴു വരെ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിക്കാനും നിർദേശം നൽകി.
ജാഗ്രതാ നിർദ്ദേശമുള്ള പ്രദേശങ്ങൾ
കുമ്പളം, ചോറ്റാനിക്കര, തിരുവാണിയൂർ, ഉദയംപേരൂർ, മുളന്തുരുത്തി, മണീട്, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ, പുതൃക്ക, രാമമംഗലം, പാമ്പാക്കുട, പിറവം, തിരുമാറാടി, ഇലഞ്ഞി, പാലക്കുഴ, ആരക്കുഴ, കൂത്താട്ടുകുളം, മാറാടി, വാളകം, മൂവാറ്റുപുഴ, ആവോലി, മഞ്ഞള്ളൂർ, പായിപ്ര, ആയവന, കല്ലൂർക്കാട്, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, കവളങ്ങാട്, മരട്, തൃപ്പൂണിത്തുറ, ഐകരനാട്, മഴുവന്നൂർ, കോതമംഗലം, കീരംപാറ, കുട്ടമ്പുഴ, ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പള്ളുരുത്തി.
ഇവ ശ്രദ്ധിക്കാം
എമർജൻസി കിറ്റ് തയ്യാറാക്കി കൈയിൽ കരുതുക
ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക
കേരളതീരത്ത് മത്സ്യബന്ധനം പൂർണമായും നിരോധിച്ചു
വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കണം.
മൊബൈൽ ഫോൺ, ലാപ്ടോപ്പ്, യു.പി.എസ്, ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കണം.
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം.
ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടണം.