കൊച്ചി: ഓർത്തഡോക്‌സ് സഭ ഏറ്റെടുത്ത പള്ളികളിൽ ഈ മാസം 13ന് പ്രാർത്ഥനയ്ക്കായി കയറുമെന്ന് യാക്കോേബായ സഭ പ്രഖ്യാപിച്ചതോടെ വീണ്ടും സഭാതർക്കം കലുഷിതമാകും. നഷ്ടപ്പെട്ട എല്ലാ പള്ളികളുടെ മുന്നിലും ഡിസംബർ ആറുമുതൽ പന്തലുകെട്ടി യാക്കോബായസഭ റിലേ സത്യഗ്രഹസമരം നടത്തും. 13ന് ഇടവക വിശ്വാസികൾ ആരാധനയ്ക്കായി പടുത്തുയർത്തിയ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്കായി തിരിച്ചുകയറും. യാതൊരു കോടതിവിധികളിലും ഇടവകാംഗങ്ങളെ ദേവാലയങ്ങളിൽനിന്നും പുറത്താക്കുവാൻ പറഞ്ഞിട്ടില്ല. മറിച്ച് ട്രസ്റ്റ് എന്ന നിലയിൽ ട്രസ്റ്റ് അംഗങ്ങളായ ഇടവക ജനങ്ങൾക്ക് തങ്ങൾ സ്ഥാപിച്ച ദേവാലയങ്ങളിൽ അവകാശം നഷ്ടമാകുന്നില്ലെന്നാണ് 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് യാക്കോബായ സഭ അവകാശപ്പെടുന്നു.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ യാക്കോബായ സഭ സമരസമിതി ജനറൽ കൺവീനർ തോമസ് മോർ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം, ഓർത്തഡോക്‌സ് വിഭാഗം അന്യായമായി കൈയേറിയെന്ന് അവകാശപ്പെടുന്ന 52 പള്ളികളിലെ വികാരിമാർ, ട്രസ്റ്റിമാർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.