
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് ഭരണസമിതികളിലെ മെമ്പർമാർ, പ്രസിഡന്റുമാർ എന്നിവരുടെ എണ്ണത്തിൽ അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായ
വിഹിതം അവിടങ്ങളിലെ പിന്നാക്ക സമുദായ അംഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്ത് ഭരണഘടന നിയമ നിർമ്മാണം നടത്തി.
ഇത് നടപ്പാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇത് നടപ്പാക്കി. കേരളവും നടപ്പാക്കിയാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ ഒ.ബി.സി വിഭാഗക്കാർക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ കഴിയും. അതിന് സർക്കാരിന് ഒരു ഓർഡിനൻസ് ഇറക്കേണ്ട താമസമേ ഉള്ളൂ. അതായത് വെറും 24 മണിക്കൂർ സമയം. ഇതിനെക്കുറിച്ച് രാഷ്ട്രീയ നിയമ രംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു
സർക്കാർ ഇടപെടണം : ജസ്റ്റിസ് കെമാൽ പാഷ
പിന്നാക്ക സമുദായ സംവരണം നടപ്പാക്കാനുള്ള നിയമവ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള ചുമതല കേന്ദ്രം സംസ്ഥാന സർക്കാരുകളെയാണ് ഏല്പിച്ചിരിക്കുന്നത്. അതിന് തക്കതായ കാരണവുമുണ്ട്. ഓരോ സംസ്ഥാനത്തും പിന്നാക്ക സമുദായങ്ങളായി കണക്കാക്കുന്നത് വത്യസ്ത വിഭാഗങ്ങളെയാണ്. ഉദാഹരണത്തിന് ബീഹാറിൽ ഏറ്റവും കൂടുതൽ പ്രാമുഖ്യമുള്ളത് യാദവ വിഭാഗത്തിനാണ്. എന്നാൽ അവർ അവിടെ പിന്നാക്ക വിഭാഗമാണ്. ഓരോ സംസ്ഥാനത്തിനും അവരവരുടേതായ തദ്ദേശ, മുനിസിപ്പൽ നിയമങ്ങളാണുള്ളത്. കേരള പഞ്ചായത്തീരാജ് അനുസരിച്ചാണ് നമ്മുടെ ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി വരുത്താം. ഓരോ വിഭാഗത്തിനും എത്ര ശതമാനം സംവരണം നൽകണമെന്ന് സർക്കാർ തീരുമാനിക്കണം. ഈ ഭരണഘടന ഭേദഗതി ബിൽ നിയമസഭ പാസാക്കിയാൽ അത് നിയമമാകും. സംസ്ഥാന സർക്കാർ മനസുവച്ചാൽ തിരഞ്ഞെടുപ്പുകളിലും ഭരണസമിതികളിലും പിന്നാക്കക്കാർക്ക് നിഷ്പ്രയാസം ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാം.
രാഷ്ട്രീയതീരുമാനംം വേണം :
അഡ്വ. കാളീശ്വരം രാജ്
തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയാധികാരത്തിലും പിന്നാക്കക്കാർക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കണമെങ്കിൽ നിയമങ്ങളേക്കാൾ ഉപരിയായി രാഷ്ട്രീയമുന്നേറ്റങ്ങളും ബോധവത്കരണശ്രമവും ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. അതിനാൽ പിന്നാക്കക്കാരെ തിരഞ്ഞെടുക്കാനും അതുവഴി അധികാരകേന്ദ്രങ്ങളിൽ അവരുടെ ന്യായയുക്തമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യണമെങ്കിൽ ശക്തമായ പൊതുജനാഭിപ്രായ രൂപീകരണമാണ് ഉണ്ടാകേണ്ടത്. അങ്ങനെയായാൽ നിയമത്തിന്റെ പിൻബലമില്ലാതെ തന്നെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയും. ഇത് പ്രാഥമികമായും രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നേടിയെടുക്കേണ്ട കാര്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള രാഷ്ട്രീയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജനതാദൾ നേതാവായ ലാലുപ്രസാദ് യാദവിന്റെയും ബി.എസ്.പി നേതാവായ കാൻഷിറാമിന്റെയും നേതൃത്വത്തിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ മുന്നേറ്റങ്ങൾ നിയമത്തിന്റെ പിൻബലത്തിലായിരുന്നില്ല എന്നത് ഓർമ്മിക്കാവുന്നതാണ്. രാഷ്ട്രീയ പ്രക്രിയയിലൂടെയാണ് ആ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്.
നിയമ തടസമില്ല : അഡ്വ. ആസഫ് അലി
ഒന്നാം ഭരണഘടന ഭേദഗതിയോടെയാണ് സംവരണ ചർച്ചകൾക്ക് തുടക്കം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും വിഭാഗത്തിൽ പെട്ട പൗരന്മാരുടെ ഉന്നമത്തിനായോ പട്ടികജാതി, പട്ടിക ഗോത്രവിഭാഗങ്ങൾക്കു വേണ്ടിയോ ഏതെങ്കിലും വ്യവസ്ഥയുണ്ടാക്കുന്നതിൽ യാതൊരു തടസവുമില്ലെന്ന് ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് യുക്തമായ തീരുമാനങ്ങളെടുക്കാം. ഭരണഘടന വ്യവസ്ഥ ഒരുവിധത്തിലും അതിന് തടസമല്ല.
യോജിക്കുന്നു: ഉമ്മൻചാണ്ടി
(മുൻമുഖ്യമന്ത്രി)
വ്യക്തിപരമായി ഞാൻ യോജിക്കുന്നു. എന്നാൽ പാർട്ടിയിൽ നയപരമായി ചർച്ച ചെയ്തശേഷമേ നിലപാട് വെളിപ്പെടുത്താനാവുകയുള്ളൂ.
അജണ്ടയിലില്ല: എസ്.ആർ.പി
(സി.പി.എം പോളിറ്റ്
ബ്യൂറോ അംഗം)
തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക സംവരണം ഏർപ്പെടുത്തുന്ന വിഷയം ഇപ്പോൾ സി.പി.എമ്മിൻെറ അജണ്ടയിലില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അത് നടക്കട്ടെ.
സ്വാഗതം ചെയ്യുന്നു : കെ.സുരേന്ദ്രൻ
നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം ഉണ്ടാവണം. ഇതിനായി സർവകക്ഷി യോഗം വിളിച്ച് വിശദമായി ചർച്ച ചെയ്ത് സമന്വയത്തിൽ എത്തണം. മറ്റ് കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്തേ പറയാനാവുകയുള്ളൂ.
നടപ്പിലാക്കണം:
എം.എം.ഹസൻ (യു.ഡി.എഫ് കൺവീനർ)
തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റ് ഉറപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കാട്ടിയ മാതൃക ഇവിടെയും പിൻതുടരേണ്ടതാണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ഉള്ളതുപോലെ പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാവുന്നതാണ്. കേരളത്തിലും നടപ്പിലാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.
അഭിപ്രായ സമന്വയം വേണം: എം.എ.ബേബി
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം
ഇത് ഒരു പാർട്ടിയോ സർക്കാരോ ഏകപക്ഷീയമായി തീരുമാനിക്കേണ്ടതല്ല. എല്ലാ പാർട്ടികളുമായി ചർച്ച നടത്തി തീരുമാനിക്കേണ്ടതാണ്. ഭരണഘടനാപ്രകാരം പട്ടികജാതി, പട്ടികവർഗക്കാർക്ക് സംവരണത്തിന് വ്യവസ്ഥയുണ്ട്. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ പാർട്ടികൾ ചർച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കിവേണം പിന്നാക്ക വിഭാഗങ്ങൾക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത്. തിരഞ്ഞെടുപ്പ് സമയമായ ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുന്നത് ഉചിതമല്ല.
പരിഹാരമുണ്ടാകണം: പി.രാമഭദ്രൻ
(സംസ്ഥാന പ്രസിഡൻറ് കേരള ദളിത് ഫെഡറേഷൻ)
സംസ്ഥാന സർക്കാരുകളാണ് ഇതിന് നിയമം കൊണ്ടുവരേണ്ടത്. രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്. പിന്നാക്ക വിഭാഗത്തിലെ ന്യൂനപക്ഷങ്ങളായ ധീവരരും ലത്തിൻ കത്തോലിക്കക്കാരുമേ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നുള്ളൂ. വിശ്വകർമ്മജർ, എഴുത്തച്ഛൻ തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ല. ഇതിന് പരിഹാരമുണ്ടാവണം.
നടപ്പാക്കേണ്ട : പന്ന്യൻ രവീന്ദ്രൻ
(സി.പി.എെ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ)
മഹാരാഷ്ട്രയും കർണാടകയും പോലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ നടപ്പിലാക്കിയ നിയമം ഇവിടെ നടപ്പാക്കേണ്ടതില്ല. പിന്നാക്കക്കാർക്ക് നീതി ഉറപ്പാക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ തിരുത്തും. പ്രത്യേകിച്ചൊരു നിയമം വേണമെന്ന് തോന്നിയാൽ ചർച്ച ചെയ്യും. അതിന് ഓർഡിനൻസിൻെറ ആവശ്യമില്ല.