കോലഞ്ചേരി: കാറും കോളും അകന്നപ്പോൾ ആകാശത്തിനൊപ്പം സ്ഥാനാർത്ഥിയുടെ മനസ്സും മുഖവും തെളിഞ്ഞു. അണികൾ ആവേശത്തിലായി. ബുറേവി ചുഴലിക്കാ​റ്റിന്റെ ഭയത്തിൽ രണ്ട് ദിവസമായി ഒരല്പം തണുത്തുപോയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ ജീവൻ വെച്ചു. ഇനി പരസ്യ പ്രചാരണത്തിന് ശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്.

ഉറക്കമിളച്ചുള്ള ചർച്ചകൾ, രഹസ്യനീക്കങ്ങൾ അങ്ങനെ പലതും നടക്കും. ഇതൊക്കെ ഒരുപക്ഷേ, സ്ഥാനാർത്ഥികളിൽ പലരും അറിയാറില്ലെന്നതാണ് സത്യം. പ്രചാരണം അവസാനിക്കാറായിട്ടും മൊത്തത്തിൽക്കാണുന്ന ആവേശക്കുറവിലെ ആശങ്ക മുന്നണികൾ മറച്ചുവെയ്ക്കുന്നില്ല. വോട്ടർമാർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള മരവിപ്പുണ്ടോ എന്ന സംശയം എല്ലാവർക്കുമുണ്ട്. കൊവിഡ് കാലത്തിന്റെ പ്രശ്‌നമാകാമിതെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ പരമാവധിപേരെ ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ വേണം. അതിനായി പ്രദേശങ്ങളെ തരംതിരിച്ച് പ്രവർത്തകരെ ഏൽപ്പിക്കാനാണ് തീരുമാനം..

അതിനിടെ പ്രചാരണ പ്രവർത്തനങ്ങൾക്കുമേൽ ബുറേവി വീശാതെ വന്ന പ്രാർത്ഥനയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. അവസാന ലാപ്പിലേയ്ക്ക് പ്രവർത്തനങ്ങൾ കുതിപ്പ് തുടരുമ്പോൾ ബോർഡും, ബാനറും, വാൾ പോസ്റ്ററുകളും കടപുഴകുമെന്ന ഭീതിയായിരുന്നു അവർക്ക്. ഭാഗ്യം, പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല. പുതിയതുണ്ടാക്കാനും സ്ഥാപിക്കാനുമുള്ള ഭാരിച്ച ചിലവോർത്ത് തലയിൽ കൈ വച്ചിരിക്കുകയായിരുന്നു ഓരോരുത്തരും. അതോടൊപ്പം വിലപ്പെട്ട പ്രചാരണദിനങ്ങളിൽ ഒരു മണിക്കൂർപോലും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.പ്രമുഖനേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ ഉൾപ്പെടെ പാർട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഴയായാൽ അവ നടക്കില്ല. പ്രചാരണ പ്രവർത്തനങ്ങളുടെ നിറംകെടാനും ഇടയാക്കും. അതിനാൽ ബുറേവി തങ്ങളുടെ വാർഡുകളിൽ ഏശരുതെന്ന പ്രാർത്ഥനയാണ് തത്കാലം ഫലിച്ചു നില്ക്കുന്നത്. കുടുംബയോഗങ്ങളുടെ തിരക്കിലാണ് മുന്നണികളും, പാർട്ടികളും. അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പദ്ധതികളുടെ പട്ടികയുമായി പ്രകടന പത്രികകൾ ഇറങ്ങിക്കഴിഞ്ഞു. അപരന്മാരുടെ വിളയാട്ടമുള്ളിടങ്ങളിൽ വോട്ടിംഗ് മെഷീനിലെ സ്ഥാനാർത്ഥികളുടെ സ്ഥാനം പരിചയപ്പെടുത്തുന്ന നോട്ടീസുകളുമായാണ് നിലവിലുള്ള സ്ക്വാഡ് വർക്ക് നടക്കുന്നത്.

ഇനി പ്രചാരണക്കാ​റ്റ്

അടുത്ത 72 മണിക്കൂറിൽ പ്രചാരണക്കാ​റ്റ് അടിക്കുമെന്നുറപ്പ്. വീട് കയറിയുള്ള വോട്ടുപിടിത്തത്തിനുതന്നെയാണ് മുൻഗണന. പ്രചാരണത്തിനിടയിലെ ഇന്നത്തെ അവസാന ഞായർ അണികളെ മുഴുവൻ രംഗത്തിറക്കി. മുതലാക്കാനാണ് മുന്നണികളുടെ തീരുമാനം. ഇനിയുള്ള രണ്ട് നാളുകളും ഇതേ ആവേശം നിലനിർത്താനാണ് ശ്രമം. ബുധനാഴ്ച കലാശക്കൊട്ട് ഒഴിവാക്കിയിരിക്കുന്നതിനാൽ ഈ സമയം കൂടി വോട്ടർമാരെ നേരിൽക്കാണാൻ പാർട്ടികൾ ഉപയോഗിക്കും. അവസാനത്തെ അടവുകൾ ഇറക്കാനുള്ള മണിക്കൂറുകളാണ് ഇനിയുള്ളത്.

ആസൂത്രണങ്ങൾ പാർട്ടികളുടെ വാർറൂമുകളിൽ തുടങ്ങിക്കഴിഞ്ഞു, അതിൽ ജാതിയുണ്ടാകാം,മതമുണ്ടാകാം മ​റ്റ് വികാരങ്ങളിറക്കാം. എന്തായാലും ജയിക്കുക എന്നതിലേക്കുള്ള നീക്കങ്ങളാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇനി കളികൾ നേതാക്കൾ തലത്തിലാണ്.