കൊച്ചി : നഗരത്തിലെ ഇടപ്പള്ളി തോടിന്റെയും (തുകലൻ കുത്തിയ തോട്) കൊച്ചാപ്പിള്ളി തോടിന്റെയും സർവേ നടത്തി കൈയേറ്റക്കാരെ ഒഴിപ്പിച്ചു ഇരു തോടുകളും പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികൾ ജനുവരി ആദ്യ വാരം തുടങ്ങുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ സർവേ ആരംഭിക്കാൻ കഴിഞ്ഞില്ലെന്നും സർക്കാർ വിശദീകരിച്ചു. ഇരു തോടുകളുടെയും സർവേ ജില്ലാ സർവേ സൂപ്രണ്ടിന്റെ സഹായത്തോടെ നടത്തി അതിർത്തിക്കല്ല് സ്ഥാപിക്കാൻ കൊച്ചി നഗരസഭാ സെക്രട്ടറിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഒാംബുഡ്സ്‌മാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഇതു പാലിച്ചില്ലെന്നാരോപിച്ച് കടവന്ത്ര സ്വദേശി ചെഷയർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. 2017 ജനുവരി 17 ന് ഒാംബുഡ്‌സ്‌മാൻ ഉത്തരവു നൽകിയത്. മൂന്നു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് ചെഷയർ ഹൈക്കോടതിയെ സമീപിച്ചത്.