കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കനാലുകളുടെ നവീകരണത്തിന് 4.88 കോടി രൂപ കൊച്ചി നഗരസഭയുടെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

മുല്ലശേരി കനാൽ ഉൾപ്പെടെയുള്ളവ ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനും ഹൈക്കോടതി പറഞ്ഞു. ജില്ലാ ഭരണകൂടം നേതൃത്വം നൽകുന്ന പദ്ധതിയിൽ കനാൽ നവീകരണം ഉൾപ്പെടുത്തി ഇതിനുള്ള ചെലവ് നഗരസഭ നൽകാനായിരുന്നു സിംഗിൾബെഞ്ച് നേരത്തെ ഉത്തരവി​ട്ടി​രുന്നത്.

നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് പണം നൽകാമെന്ന് കൊച്ചി നഗരസഭയും അറിയിച്ചിരുന്നു. എന്നാൽ 4.88 കോടി രൂപ തനതു ഫണ്ടിലില്ലെന്നും പ്ളാൻ ഫണ്ടിൽ മാത്രമാണ് തുകയുള്ളതെന്നും പിന്നീട് നഗരസഭയറിയിച്ചു. ഇതിൽ നിന്ന് തുക വിനിയോഗിക്കാൻ ജില്ലാ പ്ളാനിംഗ് കമ്മിറ്റിയുടെ അനുമതിയും വേണം.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ പ്ളാനിംഗ് കമ്മിറ്റിക്ക് നടപടിയെടുക്കാനാവുമോയെന്ന വിഷയവും ചർച്ചയായി. നിലവിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഭരണസമിതിയില്ലാത്തതിനാൽ പ്ളാൻ ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ ജില്ലാ പ്ളാനിംഗ് കമ്മിറ്റിക്ക് കഴിയില്ലെന്നും സർക്കാരിന്റെ അനുമതി വേണമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

തുടർന്നാണ് സർക്കാർ അനുമതി തേടാനുള്ള നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടത്.

കൊച്ചി നഗരസഭയ്ക്ക് പ്ളാൻ ഫണ്ടിനത്തിൽ 171 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 77 കോടി രൂപ ഇതിനകം ചെലവിട്ടിട്ടുണ്ട്. ശേഷിച്ച തുകയിൽ നിന്ന് 4.88 കോടി രൂപ കനാൽ നവീകരണത്തിനു നൽകാനാണ് നടപടിയെടുക്കേണ്ടത്.