കൊച്ചി: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിൽ പ്രതികൾക്കെതിരെ അന്തിമ റിപ്പോർട്ട് നൽകുന്നതു തടയാനും, വിചാരണ ഒഴിവാക്കാനുമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ നിരസിച്ചതെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ. കേസിലെ തെളിവുകൾ പരിശോധിക്കാതെയാണിതെന്നും സി.ബി.ഐ വിശദീകരണ പത്രികയിൽ പറഞ്ഞു.

പ്രാദേശിക തലത്തിൽനിന്ന് കശുഅണ്ടി ശേഖരിക്കാനുള്ള നിർദേശം മറികടന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതിലൂടെ കരാറുകാരായ ജെ.എം.ജെ ട്രേഡേഴ്സിന് അന്യായമായ നേട്ടമുണ്ടായെന്നാണ് കേസ്. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരെ കടകംപള്ളി മനോജ് നൽകിയ ഹർജിയിലാണ് സി.ബി.ഐ വിശദീകരണം.

കേസിലുൾപ്പെട്ട കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ രക്ഷപ്പെടുത്താനാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. 2005 - 2014 കാലത്ത് കശുഅണ്ടി ഇറക്കുമതിക്ക് ഒപ്പു വച്ച 11 കരാറുകളിൽ മൂന്നെണ്ണത്തിൽ മാത്രം 4.5 കോടിയുടെ നഷ്ടമുണ്ടായി. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പൊതുസേവകർ ഉൾപ്പെട്ട കേസുകളിൽ അന്വേഷണ ഏജൻസി സർക്കാരിന്റെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി വാങ്ങണം. എന്നാൽ ഇപ്പോൾ പ്രതികൾ ഒൗദ്യോഗിക പദവിയിലില്ലാത്തതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.