കൊച്ചി: ബുറേവി ചുഴലിക്കാറ്റ് കേരളാതീരത്തേക്ക് എത്തുന്നതോടെ പ്രതിസന്ധികളെ നേരിടാൻ അഗ്നിശമനസേന എറണാകുളം മേഖല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാൻ ഇടുക്കി, എറണാകുളം ജില്ലകൾ തയ്യാറാണെന്ന് അഗ്നിശമന അധികൃതർ അറിയിച്ചു.
പ്രശ്‌നസാദ്ധ്യതാ മേഖലയിൽ നിരീക്ഷണം ശക്താമാക്കി. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ വരാൻ സാദ്ധ്യതയുള്ള മേഖലകളിലും പേമാരി സാദ്ധ്യാത പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നീരീക്ഷണം.
എറണാകുളം ജില്ലയിൽ 18 ഉം ഇടുക്കിയിൽ ഏഴും ഫയർ സ്റ്റേഷനുകളാണ് മേഖലയുടെ കീഴിലുള്ളത്. എറണാകുളത്ത് 600 ഉം ഇടുക്കിയിൽ 400 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സിവിൽ ഡിഫെൻസിൽ 900 പേർ എറണാകുളത്തും 400 പേർ ഇടുക്കിയിലും സജ്ജരാണ്. സുരക്ഷാ ഉപകരണങ്ങളായ ഡിങ്കി, റാഫ്റ്റുകൾ, എമർജൻസി റസ്‌ക്യൂ വാഹനങ്ങൾ എന്നിവ രണ്ടു ജില്ലകളിലും തയ്യാറാണ്.
ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടുതൽ പ്രകടമാവാണ് സാദ്ധ്യതയുള്ള മലയോര മേഖലകളിലും തീരപ്രദേശത്തും വിവരങ്ങൾ അറിഞ്ഞ് രക്ഷാപ്രവർത്തനം നടത്താൻ കമ്മ്യൂണിറ്റി റസ്‌ക്യൂ ടീമുകളും സിവിൽ ഡിഫെൻസ് അംഗങ്ങളും അഗ്നിശമനസേന ഉദ്യോഗസ്ഥരെയും സജ്ജമാക്കിയതായി അഗ്നിശമന സേന റീജിയണൽ ഓഫീസർ കെ.കെ. ഷിജു പറഞ്ഞു.
ഹാം റേഡിയോ റെഡി
കാലാവസ്ഥ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അതത് ജില്ലകളിലേയ്ക്ക് കൈമാറുന്നതിന് ഹാം റേഡിയോ സംവിധാനം ഗിരിനഗർ ഫയർ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ രണ്ടു മണിക്കൂർ ഇടവിട്ട് ലഭിക്കുന്ന രീതിയാലാണ് ഫാം റേഡിയോ സംവിധാനം. ജില്ലയിലെ വിവരങ്ങളും നൽകാം. സിവിൽ ഡിഫൻസ് വിഭാഗത്തിനാണ് ഓപ്പറേഷൻ ചുമതല. നാലു ദിവസം സ്റ്റേഷൻ പ്രവർത്തിക്കും.
കൺട്രോൾ റൂം : 0484 2205555, 101