കൊച്ചി: കൊവിഡ് സാഹചര്യത്തിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തുകടന്ന് ദർശനം നടത്തിയതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കമുള്ള വ്യക്തികൾക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിനോടും ജില്ലാ കളക്ടറോടും വിശദീകരണം തേടി. തൃശൂർ മരത്താക്കര സ്വദേശി എ. നാഗേഷാണ് ഹർജി നൽകിയത്.

ഏകാദശി, ദ്വാദശി ദിവസങ്ങളായ നവംബർ 25, 26 തീയതികളിലാണ് ദേവസ്വം മന്ത്രിയുടെ ഭാര്യയും ബന്ധുക്കളും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതെന്ന് ഹർജിയിൽ പറയുന്നു. കൊവിഡ് രോഗ സാഹചര്യം കണക്കിലെ‌ടുത്ത് ഭക്തർക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം അനുവദിക്കാതിരുന്ന ഇൗ സമയത്ത് ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും മറികടന്നാണ് ദർശനം നടത്താൻ അനുമതി നൽകിയത്. ഗുരുവായൂർ ദേവസ്വം ചെയർമാനും രണ്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മന്ത്രി പത്നിയെയും കുടുംബാംഗങ്ങളെയും അനുഗമിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.