കോലഞ്ചേരി: പോരാട്ട വീര്യം കനത്തു, നിലനിർത്താനും പിടിച്ചെടുക്കാനുമായി ഇടത്‌, വലതു മുന്നണികൾ കച്ചകെട്ടിയിറങ്ങിയതോടെ വടവുകോട് ബ്ലോക്കിൽ പോരാട്ടത്തിന് പുതിയ മാനമായി. ആകെ 13 ഡിവിഷനുകളുള്ള ബ്ലോക്കിൽ ഏഴ് വാർഡുകളിലും ട്വന്റി20 പാർട്ടി സ്ഥാനാർത്ഥികൾ കന്നിയങ്കത്തിനിറങ്ങിയതോടെ മത്സരം പ്രവചനാതീതമായിട്ടുണ്ട്. വലതുപക്ഷത്തിന് മുൻതൂക്കമുള്ള ബ്ലോക്കിൽ കഴിഞ്ഞ രണ്ട് ടേമായി യു.ഡി.എഫാണ് ഭരണം നടത്തുന്നത്. യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണ് നിലവിലുണ്ടായിരുന്നത് എന്നാൽ ഇക്കുറി പ്രസിഡന്റ് സ്ഥാനം ജനറലായതോടെ ഇരു മുന്നണികളും അഭിമാനപ്പോരാട്ടമാണ് നടത്തുന്നത്. സി.പി.എം കോലഞ്ചേരി ഏരിയാ കമ്മി​റ്റിയംഗം എം.കെ.മനോജും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.പി.ജോയിയും ഏ​റ്റുമുട്ടുന്ന കടയിരുപ്പ് ഡിവിഷനിലാണ് ബ്ലോക്കിലെ ഏറ്റവും ശ്രദ്ധേയ മത്സരം നടക്കുന്നത്. ഇവിടെ ട്വന്റി20 യും ശക്തമായ സാന്നിദ്ധ്യമാണ്. കൂടാതെ ബി.ജെ.പി സ്ഥാനാർത്ഥിയുമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ഗീവർഗീസ് ബാബുവും സി.പി.എമ്മിന്റെ പുതുമുഖം ജൂബിൾ ജോർജും ഏ​റ്റുമുട്ടുന്ന പുത്തൻകുരിശിലും കടുത്ത മത്സരമാണ്. ഇവിടെ ബി.ജെ.പി.സ്ഥാനാർത്ഥിയും രംഗത്തുണ്ട്. ഇതിന് പുറമേ മുതിർന്ന നേതാക്കളായ എൻ.വി. രാജപ്പ (എൽ.ഡി.എഫ്) നും, ഇ.എം.നവാസും (യു.ഡി.എഫ്) ഏ​റ്റുമുട്ടുന്ന വെമ്പിള്ളി ഡിവിഷനിലും പോരാട്ടം കനക്കുകയാണ്. ഇവിടെയും ട്വന്റി20, ബി.ജെ.പി.സ്ഥാനാർത്ഥികളുണ്ട്. മുതിർന്ന ഐ.എൻ.​റ്റി.യു.സി നേതാവ് തോമസ് കണ്ണടിയും, സി.പി.ഐയിലെ ടി.ആർ.വിശ്വപ്പനും തമ്മിൽ അമ്പലമേട് ഡിവിഷനിൽ നടക്കുന്ന മത്സരവും,കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും, എസ്.എൻ.ഡി.പി മുൻ ശാഖ പ്രസിഡന്റുമായ വി.ആർ.അശോകനും, സി.പി.എമ്മിലെ പി.പി. മൈതീനും, ട്വന്റി20 യിലെ ശ്രീജിത് ശശിധരനും, എൻ.ഡി.എ യിലെ പൂഞ്ചേരിസുകുമാരനും ഏറ്റുമുട്ടുന്ന പട്ടിമ​റ്റം ഡിവിഷനിലും പോരാട്ടം പൊടി പാറുകയാണ്. സംവരണ ഡിവിഷനായ മഴുവന്നുരിൽ രണ്ട് യുവരക്തങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. സി.പി.എമ്മിലെ പി.കെ.രമേശിനെ കോൺഗ്രസിലെ സിജു കടക്കനാട് നേരിടുന്നു.ഇവിടെ രണ്ടിടത്തും ട്വന്റി20 ക്കും ബി.ജെ.പി.ക്കും സ്ഥാനാർത്ഥികളുണ്ട്. വനിതാ ഡിവിഷനായ പള്ളിക്കര, ഐരാപുരം, പാങ്കോട്, കോലഞ്ചേരി, പൂതൃക്ക, തിരുവാണിയൂർ, മ​റ്റക്കുഴി, എന്നിവിടങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. മത്സരിക്കുന്ന ഏഴിടത്തും ശക്തമായ സാന്നിധ്യമാകാനാണ് ട്വന്റി20 യുടെ ശ്രമം. ഇത് ഏത് മുന്നണിയെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്.