tintu-rajesh
ടിന്റു രാജേഷ്

ആലുവ: ആലുവ നഗരസഭ കനാൽ വാർഡ് അഞ്ചിൽ കന്നിക്കാരായ യുവതികളുടെ നേരിട്ടുള്ള പോരാട്ടമാണ്. ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ ഇടത് - വലത് മുന്നണികൾ ഇഞ്ചോടിച്ച് പോരാടുകയാണ്. എൽ.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ ടിന്റു രാജേഷും യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ ഹിമ ആട്ടച്ചിറയുമാണ് മത്സരിക്കുന്നത്. രണ്ട് പേരും കുടുംബശ്രീയിൽ അംഗമാണെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖങ്ങളാണ്.

കഴിഞ്ഞ തവണ കോൺഗ്രസ് റബൽ കെ. ജയകുമാർ ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡാണിത്. രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫിലെ പി.എ. ഹംസക്കോയ 255 വോട്ടാണ് നേടിയത്. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ഹസീം ഖാലിദിന് 154 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2010ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലിസി എബ്രഹാം 129 വോട്ടിന് ജയിച്ചു. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ വി.വി. സുജക്ക് 232 വോട്ടാണ് ലഭിച്ചത്. റബലായി ജയിച്ച സിറ്റിംഗ് കൗൺസിലർ കെ. ജയകുമാർ ഇപ്പോഴും കോൺഗ്രസിന് അനഭിമതനാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരിൽ പലരും ഇക്കുറി ഇടതു സ്ഥാനാർത്ഥിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സി.പി.എം തോട്ടക്കാട്ടുകര ബ്രാഞ്ച് സെക്രട്ടറി രാജേഷ് തോട്ടക്കാട്ടുകരയുടെ ഭാര്യയാണ് ഇടത് സ്ഥാനാർത്ഥി ടിന്റു രാജേഷ്. പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ കാലത്തും സേവന പ്രവർത്തനങ്ങളിൽ സജീവമായി നിന്നയാളാണ് രാജേഷ്. ഇത് അനുകൂലഘടകമാണെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. ബിരുദാനന്തര ബിരുദധാരിയായ ടിന്റു സഹകരണ ബാങ്കിൽ താത്കാലിക ജോലിക്കാരിയായിരുന്നു.

സ്വകാര്യ സ്ഥാപനം നടത്തുന്ന അനിൽകൃഷ്ണന്റെ ഭാര്യയാണ് ഹിമ ആട്ടച്ചിറ. പരമ്പരാഗത യു.ഡി.എഫ് സീറ്റ് നേരിട്ടുള്ള പോരാട്ടത്തിൽ തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.