കൊച്ചി : പിറവം വലിയപള്ളിക്കു കീഴിലെ സ്കൂളിന്റെ മാനേജർ മാറ്റത്തിനുള്ള അപേക്ഷ സഭാതർക്കത്തിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി മൂവാറ്റുപുഴ ഡി.ഇ.ഒയ്ക്ക് നിർദേശം നൽകി. പിറവം സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റും വികാരി ഫാ. സ്കറിയ വാതക്കാട്ടിലും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. മാനേജർ മാറ്റത്തിനായി പള്ളി അധികൃതർ നൽകിയ അപേക്ഷ, ഇക്കാര്യത്തിൽ സബ്കോടതിയിൽ അന്യായം നിലനിൽക്കുന്നതിനാൽ പരിഗണിക്കാൻ കഴിയില്ലെന്ന് മൂവാറ്റുപുഴ ഡി.ഇ.ഒ. മറുപടി നൽകിയിരുന്നു. ഇതിനെതിരെയാണ് പള്ളിഅധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. സഭാ തർക്കത്തിൽ ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. പള്ളിയും പള്ളിവക സ്വത്തുക്കളും 1934 ലെ സഭാഭരണഘടന അനുസരിച്ച് ഒാർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതാണ് ആധികാരികമായി പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് മാനേജർ മാറ്റത്തിനുള്ള അപേക്ഷയിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കാനും നിർദേശിച്ചു.