ആലുവ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ കോൺഗ്രസിൽ പുറത്താക്കലിന്റെ പൂക്കാലമാണ്. പാർട്ടിക്കും മുന്നണി സ്ഥാനാർത്ഥികൾക്കും എതിരെ റബലായി മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് നിത്യേന പുറത്താക്കിക്കൊണ്ടിരിക്കുന്നത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി പ്രസിഡന്റാണ് നടപടി സ്വീകരിക്കുന്നത്. ഓരോ വാർഡുകളിലെയും റബലുകളെയും വിമത പ്രവർത്തകരെയും വെവ്വേറെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പുറത്താക്കുക്കുന്നത്. ഒരുമിച്ച് പുറത്താക്കുമ്പോഴുണ്ടാകുന്ന സംഘടനാപരമായ 'ഭീകരത' ഒഴിവാക്കുന്നതിന് ബോധപൂർവാണ് ഓരോരുത്തരെ വീതം 'അരിഞ്ഞ് വീഴ്ത്തുന്നത്'. ആലുവ നിയോജക മണ്ഡലത്തിൽ ആലുവ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇത്തരത്തിൽ പുറത്താക്കൽ നടപടി തുടരുകയാണ്. ഏറ്റവും ഒടുവിൽ ആലുവയിൽ പുറത്താക്കപ്പെട്ടത് 16 -ാം വാർഡിൽ റബലായി മത്സരിക്കുന്ന ഇസ്മയിൽ പൂഴിത്തറയെയാണ്. ബൂത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോളാണ് മത്സരത്തിനിറങ്ങിയത്. രണ്ടാം വാർഡിൽ റബലായി മത്സരിക്കുന്ന മുഹമ്മദ് ബഷീർ, മൂന്നാം വാർഡിൽ റബലായി മത്സരിക്കുന്ന കെ.പി. അരവിന്ദാക്ഷൻ എന്നിവരെയും പുറത്താക്കി.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് 14 ാം വാർഡിൽ മണ്ഡലം ബൂത്ത് ഭാരവാഹികളായ അഞ്ച് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുസ്ലീംലീഗിന് അനുവദിച്ച സീറ്റിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റബൽ സ്ഥാനാർത്ഥിയെ നിർത്തിയ കോൺഗ്രസ് മണ്ഡലം ബൂത്ത് ഭാരവാഹികളായ നാസർ തോട്ടത്തിൽ, സിയാദ് കാരോത്തുകുഴി, എ.വി. വിജയാനന്ദൻ, പരീത് പിള്ള കാരോത്തുകുഴി, മുഹമ്മദ് ബാബു എന്നിവർക്കെതിരെയാണ് നടപടി. മുസ്ലിംലീഗിലെ ഹൈറുന്നിസയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐ പ്രവർത്തകന്റെ ഭാര്യയെയാണ് ഇവിടെ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടവർ പിന്തുണച്ചതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കീഴ്മാട് ഗ്രാമപഞ്ചായത്തിലും മൂന്ന് പേരെ പുറത്താക്കി.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 18 ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റബലായി മത്സരിക്കുന്ന സെമീന ഷൗക്കത്തലിയെയും പാർട്ടിയിൽനിന്നും പുറത്താക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസിലെ പുറത്താക്കൽ പ്രഹസനമാണെന്ന് ആക്ഷേപമുണ്ട്. റബലായി മത്സരിച്ച് ജയിക്കുന്നവർ മാസങ്ങൾക്കകം തിരികെ പാർട്ടിയിലെത്തും. അതിനാൽ പുറത്താക്കപ്പെട്ടവരാരും നടപടി ഗൗരവമായി എടുക്കുന്നില്ലെന്നതാണ് വാസ്തവം.