cbse

കൊച്ചി : സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഈ സ്കൂളുകളിൽ ഇത്തരം കുട്ടികൾക്ക് ഒന്നാം ക്ളാസിൽ 25 ശതമാനമെങ്കിലും സീറ്റും,14 വയസു വരെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസവുമാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ലക്ഷ്യമിടുന്നതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഫീസ് നൽകാനാവാത്ത സി.ബി.എസ്.ഇ, ഐ.സി. എസ്.ഇ കുട്ടികൾക്ക് സർക്കാർ സഹായം തേടി എറണാകുളം ചളിക്കവട്ടം സ്വദേശി കെ.പി. ആൽബർട്ട് നൽകിയ ഹർജിയിലാണിത്.

ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമ്പോൾ സ്കൂളുകൾക്കുണ്ടാകുന്ന ചെലവ് തിരിച്ചുനൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർ, പട്ടികവിഭാഗങ്ങൾ. ശാരീരിക വൈകല്യമുള്ളവർ, സാമ്പത്തിക - സാംസ്കാരിക - ഭാഷാ - പിന്നാക്കാവസ്ഥ നേരിടുന്നവർ തുടങ്ങിയവരാണ് ദുർബല ജനവിഭാഗങ്ങളിലുൾപ്പെടുന്നത്.

എന്നാൽ, ഇത്തരക്കാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകിയതിന്റെ പേരിൽ ഫീസും ചെലവും ആവശ്യപ്പെട്ട് സ്കൂളുകൾ സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് അഡി. എ.ജി വിശദീകരിച്ചു. ദുർബല വിഭാഗങ്ങളിലുള്ളവർ ഫീസ് നൽകിയാണ് പഠിക്കുന്നതെന്ന് ഇതിൽ നിന്നു മനസിലാകുമെന്ന് ഡിവിഷൻബെഞ്ച് തുടർന്നു പറഞ്ഞു. ദുർബല വിഭാഗങ്ങൾക്കായി സ്കൂളുകൾ ചെലവിട്ട തുക സംസ്ഥാന സർക്കാരാണ് തിരിച്ചുകൊടുക്കേണ്ടതെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ചെലവായ തുക ഗ്രാന്റായി നൽകാൻ കേന്ദ്രസർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. പത്തുദിവസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.

നിർദേശങ്ങൾ

 സൗജന്യവിദ്യാഭ്യാസത്തിനും ദുർബല വിഭാഗങ്ങളുടെ പട്ടികയ്ക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിജ്ഞാപനമിറക്കിയിട്ടുണ്ടെങ്കിൽ അറിയിക്കണം.

 ദുർബല വിഭാഗത്തിലുള്ള കുട്ടികൾക്ക് ഒന്നാം ക്ളാസിലേക്ക് പ്രവേശനം നൽകിയതിന്റെ വിവരം സർക്കാരും സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും നൽകണം.