anwar-sadath-mla
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതിക് കേരള (കെ.എച്ച്.കെ.)യുടെ ആഭിമുഖ്യത്തിൽ ആലുവയിൽ 'എന്റെ ചികിത്സ, എന്റെ അവകാശം' എന്ന മുദ്രാവാക്യമുയർത്തി നടന്ന സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊവിഡ് ബാധിതർക്ക് ഹോമിയോപ്പതി ചികിത്സ നിഷേധിക്കുന്ന സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതിക് കേരളയുടെ (കെ.എച്ച്.കെ) ആഭിമുഖ്യത്തിൽ ആലുവയിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. 'എന്റെ ചികിത്സ, എന്റെ അവകാശം' എന്ന മുദ്രാവാക്യമുയർത്തി നടന്ന സമരം ഹോമിയോപ്പതിക്കെതിരായ സർക്കാർ നിലപാടിലും ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള രോഗിയുടെ അവകാശം നിഷേധിക്കുന്നതിലും ശക്തമായി പ്രതിഷേധിച്ചു.

കൊവിഡിനെതിരായ ഫലപ്രദമായ അലോപ്പതി മരുന്നോ വാക്സിനോ ഇല്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെ ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ നിഷേധിക്കുന്നത് അലോപ്പതി ഡോക്ടർമാരുടെ സ്വാധീനത്തിലാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. സിവിൽസ്റ്റേഷന് മുമ്പിൽനടന്ന സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റെജു കെരീം മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുൾ റഷീദ്, വി.പി. ജോർജ്, എം.എൻ. സത്യദേവൻ, എ.സി. സന്തോഷ് കുമാർ, ഫാസിൽ ഹുസൈൻ, ഡോ. ജി. വിനോദ്കുമാർ, ഡോ. ടി.എൽ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ധർണക്ക് മുമ്പായി ഗാന്ധിസ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു.