 
കോലഞ്ചേരി: ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്ന ശേഷി ദിനാചരണം നടത്തി. ഓൺലൈൻ പഠനത്തിൽ മികച്ച പ്രകടനം നടത്തിയ സെറിബ്രൽ പാൾസി ബാധിതയായ അസാം സ്വദേശിനിയും പുറ്റുമാനൂർ ഗവ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമായ നസ്വിൻ സുൽത്താനയെ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഉഷാ മാന്നാട്ടിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞുകൂടിയ ഭിന്നശേഷിക്കാരിയായ നസ്വിൻ സുൽത്താനയെ ആദ്യമായി വിദ്യാലയത്തിലെത്തിച്ചതും അക്ഷരവെളിച്ചം പകർന്നു നൽകിയതും പുത്തൻകുരിശ് പഞ്ചായത്തിലെ ജനപ്രതിനിധികളും സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോഗ്രാം ഓഫീസർ സജോയ് ജോർജും ചേർന്നാണ്. സ്‌കൂളിൽ കഴിഞ്ഞ വർഷം നാലാം ക്ലാസിൽ ചേർത്ത നസ്വിന് ദിശ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിൽ മലയാളത്തിൽ തിളക്കമുള്ള വിദ്യാർത്ഥിനിയാക്കി മാറ്റി. ഇപ്പോൾ എഴുതാനും വായിക്കാനും കഴിയും.
കോലഞ്ചേരി ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.രമാഭായ്, ഹെഡ്മിസ്ട്രസ് കെ.എസ്.മേരി , ബി.ആർ.സി ട്രെയിനർമാരായ ഐ.എച്ച്. റഷീദ ,കെ.വി.റെനി, സീന വർഗീസ്, പി.കെ. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.