ആലുവ: തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ ആലുവ നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ജനകീയ മുന്നണി രൂപീകരിച്ചു. ഒരു സിറ്റിംഗ് കൗൺസിലറും ഒരു മുൻ ചെയർമാർമാനും ഒരു മുൻ കൗൺസിലറും ഉൾപ്പെടെ ഒമ്പത് പേരാണ് കൂട്ടായ്മയിലുള്ളത്. എന്നാൽ കൂട്ടായ്മ രൂപീകരിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയ സ്വതന്ത്രൻ അവസാനനിമിഷം പിൻവാങ്ങി.

സിറ്റിംഗ് കൗൺസിലർ കെ.വി. സരള (എട്ട്), മുൻ ചെയർമാൻ ഫ്രാൻസിസ് തോമസ് (20), മുൻ കൗൺസിലർ മുഹമ്മദ് ബഷീർ (രണ്ട്) എന്നിവരും എലിസബത്ത് ഫ്രാൻസിസ് (10), ബോബൻ ബി കിഴക്കേത്തറ (11), സുധീർ പണിക്കർ (12), ഹക്കീക്കത്ത് ഹമീദ് (13), ബിജു എം ഫ്രാൻസിസ് (16), ജിജോ ജോസ് (18) എന്നിവരുമാണ് ജനീകയ മുന്നണിയുടെ ഭാഗമായത്. പത്രിക സമർപ്പണം ആരംഭിച്ചപ്പോൾ മുതൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ജനകീയ മുന്നണി രൂപീകരിക്കുമെന്ന് അവകാശപ്പെട്ടിരുന്ന സിറ്റിംഗ് കൗൺസിലർ സെബി വി. ബാസ്റ്റ്യനാണ് അവസാനനിമിഷം പിൻവാങ്ങിയത്. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കിയില്ലെങ്കിലും സുഹൃത്ത് മത്സരിക്കുന്ന വാർഡിലെ റബലിനെ കൂട്ടായ്മയിൽ ചേർത്തതാണ് വിയോജിപ്പിന് കാരണമെന്നാണ് സൂചന.

ആലുവയ്ക്കുണ്ടാക്കിയ ഭരണപരവും സാമ്പത്തികമായ ആഘാതം മറികടക്കാൻ വികസനാധിഷ്ഠിതമായ ഭരണം വിഭാവനം ചെയ്യുന്നതെന്ന് ജനകീയ മുന്നണി കോർഡിനേറ്റർ കെ.വി. സരള അറിയിച്ചു.