കൊച്ചി: ലോവർ പെരിയാർ ജലവൈദ്യുത പദ്ധതിക്കുവേണ്ടി 1974ൽ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾക്ക് പകരം നൽകിയ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 44 ആദിവാസി കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചതെങ്കിലും ഇവരിൽ 12 കുടുംബങ്ങൾക്ക് മതിയായ രേഖകളില്ലെന്ന കാരണത്താൽ പകരം ഭൂമിനൽകിയിരുന്നില്ല. ഇതിനെതിരെ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾക്ക് ഭൂമിനൽകാൻ 1992ലാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒാരോ കുടുംബത്തിനും ഒാരോഹെക്ടർ ഭൂമിവീതം നൽകി. എന്നാൽ ഭൂമിലഭിക്കാത്ത കുടുംബങ്ങൾക്ക് ഭൂമിനൽകുന്നതിനായി 2004ൽ സർക്കാർ ഉത്തരവിറക്കിയെന്നും ഇതനുസരിച്ച് അർഹരായവരെ കണ്ടെത്താൻ പരിശോധന നടക്കുകയാണെന്നും വനംവകുപ്പ് വിശദീകരിച്ചു. നേരത്തെ 32 കുടുംബങ്ങൾക്കു നൽകിയ ഭൂമി ഇപ്പോൾ അജ്ഞാതരുടെ കൈവശമാണ്. ഇപ്പോൾ നൽകാനുദ്ദേശിക്കുന്ന ഭൂമിയും തട്ടിയെടുക്കാൻ ഭൂമാഫിയ തയ്യാറെടുക്കുകയാണെന്നും പ്രത്യേക പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ തകർക്കുന്ന തരത്തിലാണ് ഭൂമാഫിയ പ്രവർത്തിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു. ആദിവാസി വിഭാഗത്തിനു നൽകിയ ഭൂമി മറിച്ചുവിറ്റത് ഗൗരവമുള്ള വിഷയമാണെങ്കിലും ഇനി ഭൂമിഅനുവദിക്കാനുള്ളവരുടെ കാര്യം ഇതുമായി കൂട്ടിവായിക്കേണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അനുവദിച്ച ഭൂമി മറ്റുള്ളവർ തട്ടിയെടുക്കുന്നത് ഫലപ്രദമായി തടയാൻ അധികൃതർക്ക് സാധിക്കുമായിരന്നു. പ്രത്യേക പദ്ധതിപ്രകാരം നൽകുന്ന ഭൂമിയുടെ കൈമാറ്റം അനുവദിക്കരുതെന്ന് ചുമതലയുള്ള സബ് രജിസ്ട്രാർക്ക് നിർദേശം നൽകണമായിരുന്നു. കൈമാറ്റം അറിഞ്ഞപ്പോഴെങ്കിലും തിരിച്ചുപിടിക്കാൻ നടപടിയെടുക്കാമായിരുന്നു. ഇതുചെയ്യാതെ ഇനിയും ഭൂമിലഭിക്കാനുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ഹർജിക്കാരിൽ അർഹരായവരെ കണ്ടെത്താൻ റവന്യൂവകുപ്പ് നടപടിയെടുക്കണം. വനംവകുപ്പിനേക്കാൾ എളുപ്പം റവന്യൂവകുപ്പിന് ഇതു സാദ്ധ്യമാണ്. ഭൂമിനൽകുമ്പോൾതന്നെ കൈമാറ്റം അനുവദിക്കരുതെന്ന് അധികാര പരിധിയിലുള്ള സബ് രജിസ്ട്രാർക്ക് നിർദേശം നൽകണം. നേരത്തെ കൈമാറ്റംചെയ്ത ഭൂമിയുടെ വിവരങ്ങൾ വനംവകുപ്പ് അന്വേഷിക്കണം. ഭൂമി തിരിച്ചുപിടിക്കാൻ കഴിയുമോയെന്നു പരിശോധിക്കണം. ഭൂമിയുടെ നിലവിലുള്ള ഉടമകളെക്കൂടി കേട്ടശേഷം നിയമപരമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.