പെരുമ്പാവൂർ: റേഷൻകട നിർത്തിയതോടെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. പാണിയേലി വനപ്രദേശത്തെ റേഷൻകടയാണ് നിർത്തലാക്കിയത്. ഇതോടെ കുടുംബങ്ങൾക്ക് കിലോമീറ്റർ അകലെയുള്ള ക്രാരിയേലിയിലെ റേക്ഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങേണ്ട അവസ്ഥയായി. പല കുടുംബങ്ങൾ ചേർന്ന് വലിയ വാടകയ്ക്ക് വാഹനം വിളിച്ചാണ് നിലവിൽ റേഷൻ സാധനങ്ങൾ വാങ്ങാൻ പോകുന്നത്. കൂലിപ്പണിക്ക് പോകുന്നവർ ഒരു ദിവസത്തെ പണി മുടക്കിയാൽ മാത്രമെ റേഷൻ സാധനങ്ങൾ വാങ്ങുവാൻ സാധിക്കൂ. ക്രാരിയേലിയിലെ റേഷൻകടയിൽ കാർഡുകളുടെ എണ്ണം കൂടിയതുകൊണ്ട് ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആനശല്യം രൂക്ഷമായ വനമേഘലയിൽ നിന്നുള്ള ആളുകൾ നടന്ന് പാണിയേലിയിൽ എത്തിയാൽ മാത്രമെ റേഷൻ വാങ്ങാൻ കഴിയൂ. പാണിയേലിയിലെ നിർത്തലാക്കിയ റേഷൻകട പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പെതുപ്രവർത്തകനായ തോമസ് കെ. ജോർജ് ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.