
വൈപ്പിൻ: അമ്മയെയും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് ഒമ്പതാംവാർഡിൽ അണിയൽ കൂട്ടുങ്കൽചിറ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനിലിന്റെ ഭാര്യ വിനീത (23), മക്കൾ സവിനയ് (4), ശ്രാവൺ (2), ശ്രേയ (4 മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മുറിയിലെ തറയിലും വിനീത തൊട്ടടുത്തുതന്നെ തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. മക്കൾക്ക് വിഷം നൽകിയശേഷം അമ്മ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളെന്തെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
ഹാളിൽ കിടന്നുറങ്ങിയ സനിൽ പുലർച്ചെ മത്സ്യബന്ധനത്തിന് പോകാനായി ഷർട്ടെടുക്കാൻ കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടത്. സംഭവമറിഞ്ഞെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
വിനീതയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അതിൽ ദുരൂഹതയുള്ള തരത്തിൽ ഒന്നും കുറിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണത്തെക്കുറിച്ച് പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.