sivasankar

കൊച്ചി: സ്വർണക്കടത്തു കേസിൽ പ്രതിയായ ശിവശങ്കർ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകൾ അദ്ദേഹത്തിന്റെ ഭാര്യ മുഖേന അന്വേഷണസംഘത്തിന് കൈമാറിയെന്ന് കസ്റ്റംസ് അധികൃതർ അഡി. സി.ജെ.എം കോടതിയിൽ അറിയിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജിക്കെതിരെ സമർപ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നയതന്ത്ര സ്വർണക്കടത്തിൽ ഇ.ഡിക്കു പിന്നാലെ കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റുചെയ്തിരുന്നു. താൻ ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ അന്വേഷണ ഏജൻസികളോടു പറഞ്ഞത്. രണ്ടു ഫോണുകൾ കൂടി രഹസ്യമായി ഉപയോഗിച്ചിരുന്നെന്നും ഇതിൽ ഒന്നിന്റെ നമ്പരും വിവരങ്ങളും ലഭിച്ചെന്നും നേരത്തെ അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശിവശങ്കർ ഭാര്യ മുഖേന ഫോണുകൾ ഹാജരാക്കിയതെന്ന് വിശദീകരണത്തിൽ പറയുന്നു.

കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്കിനുള്ള തെളിവുകൾ അന്വേഷണസംഘം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.

അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് വിശദീകരണത്തിൽ പറയുന്നു. നിർണായകമായ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയപ്പോൾ അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ രോഗം നടിച്ച് ആശുപത്രിയിൽ പ്രവേശിച്ചു. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളെ ശിവശങ്കർ സഹായിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിലിരുന്നു ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന് ജാമ്യംനൽകുന്നത് അന്വേഷണം അട്ടിമറിക്കാൻ ഇടയാക്കുമെന്നും കസ്റ്റംസ് വിശദീകരിച്ചു.

കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ ഡിസംബർ ഏഴുവരെയാണ് ശിവശങ്കറിനെ കസ്റ്റംസിനു വിട്ടുനൽകിയത്. ഇതിനുശേഷം ജാമ്യഹർജി കോടതി പരിഗണിക്കും.