 
പെരുമ്പാവൂർ: കൊവിഡ് പശ്ചാലത്തലത്തിൽ പാവപ്പെട്ടവർക്ക് നൽകാനായി പെരുമ്പാവൂർ നഗരസഭയ്ക്ക് നൽകിയ 50 ഓളം ചാക്ക് അരി പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജന കേന്ദ്രത്തിൽ അഴുകിയ നിലയിൽ കണ്ടെത്തി. എഫ്.സി. ഐയുടെ ലേബലിലുളള അരിചാക്കുകൾ നഗരസഭയുടെ വിവിധ ഗുണഭോക്താക്കൾക്ക് നൽകാൻ സർക്കാർ നൽകിയതായിരുന്നു ഇവ. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ സെക്രട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോഡൗണിൽ വ്യാപകമായ നാശോന്മുഖമായ നിലയിലുളള അരിചാക്കുകൾ ഉണ്ടെന്നും അത് തുറന്ന് കാണണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ കെ എം എ സലാം, ടി എം സക്കീർ ഹുസൈൻ, ബിജു ജോൺ ജേക്കബ്, രാമകൃഷ്ണൻ, ഷാജി സലീം,എൻ. എ. റഹീം, മാത്യൂസ് കാക്കൂരാൻ, കെ.സി അരുൺകുമാർ, ജെഫർ റോഡ്രിഗസ്, നിസാർ, ഷാജി, ടി. എച്ച്. സബീത് തുടങ്ങിയവർ നഗരസഭ സെക്രട്ടറിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരോടൊപ്പം എത്തി ഇവിടം തുറന്നതോടെയാണ് 50 ഓളം അരിചാക്കുകൾ ഇഴജന്തുക്കൾ കയറിയ നിലയിലും ദുർഗന്ധം വമിക്കുന്ന നിലയിലും കണ്ടെത്തിയത്.