 
കൊച്ചി: ബുറേവി ചുഴലിക്കാറ്റ് ഇന്ന് കേരളതീരം തൊടുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ജില്ലാഭരണകൂടം. ഇന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ ശക്തി എറണാകുളം ജില്ലയെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും ജാഗ്രത കർശനമാക്കി. നാവികസേന, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ് എന്നിവ തീരദേശത്തും കടലിലും പൊലീസ്, അഗ്നിശമനസേന എന്നിവ കരയിലും നിരീക്ഷണം ശക്തമാക്കി.
ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തി. 19 പേരുൾപ്പെട്ട സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ ഭരണകൂടം എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യം നേരിടാനും ജില്ല സജ്ജമാണെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു.
അതിതീവ്ര മഴയ്ക്ക് സാദ്ധ്യത
24 മണിക്കൂറിൽ 204.5 ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുരേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോകുമെന്നും ഇതിന്റെ സ്വാധീനം മൂലം അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് ഒടുവിൽ വിലയിരുത്തപ്പെടുന്നത്. എറണാകുളം ജില്ലയിലേയ്ക്ക് പ്രവേശിക്കില്ല. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാനിടയില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനും രക്ഷാപ്രവർത്തനം നടത്താനും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെത്തിയ ദേശിയ ദുരന്ത നിവാരണ സേന അംഗങ്ങളുമായി കളക്ടർ എസ്. സുഹാസ് ചർച്ച നടത്തി. ജില്ലയിലെ നിലവിലെ സാഹചര്യങ്ങളും വെല്ലുവിളികളും സേനാംഗങ്ങളുമായി ചർച്ച ചെയ്തു.
ഇന്നലെ രാവിലെ മുതൽ ജില്ലയിൽ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴയും പെയ്തിരുന്നു.