swapna

കൊച്ചി : വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതും, അവരുടെ ജീവനുതന്നെ ഭീഷണിയാവുന്നതുമാണെന്ന് കസ്റ്റംസ് കസ്റ്റംസ് അറിയിച്ചു. ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്നലെ ഉച്ചയോടെ അവസാനിച്ചതിനാൽ ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിനീട്ടാൻ കസ്റ്റംസ് സൂപ്രണ്ട് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. എറണാകുളം അഡി. സി.ജെ.എം കോടതി ഇരുവരുടെയും കസ്റ്റഡി ഡിസംബർ എട്ടു വരെ നീട്ടിനൽകി.

കസ്റ്റംസ് പറയുന്നു

ഡോളർ കടത്തിൽ പങ്കുള്ള ചില വിദേശ പൗരന്മാരെക്കുറിച്ച് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ യാത്രാ, പാസ്പോർട്ട് വിവരങ്ങളും, ഇന്ത്യയിൽ തങ്ങിയ സമയത്ത് ഇവരുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങളുമൊക്കെ ശേഖരിക്കേണ്ടതുണ്ട്. സ്വർണക്കടത്തിനും ഡോളർ കടത്തിനും പരസ്പരം ബന്ധമുണ്ടെന്നും ശിവശങ്കറിന് രണ്ടു കേസുകളിലും പങ്കുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശിവശങ്കർ ഉപയോഗിച്ചിരുന്ന ഫോണുകൾ കഴിഞ്ഞ ദിവസം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതു കൊച്ചിയിലെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂവരെയും ചോദ്യംചെയ്യേണ്ടതുണ്ട്. ഡോളർ കടത്തിന്റെ വിവരങ്ങളും ഇതിലുൾപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമാണിത്.