aluva

ആലുവ: ആലുവ നഗരസഭയിൽ ഇരുമുന്നണികൾക്കുമൊതിരെ ജനകീയ മുന്നണി രൂപീകരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച സ്വതന്ത്രൻ ഇല്ലാതെ ജനകീയ മുന്നണി യാഥാർത്ഥ്യമായി. പത്താം വാർഡിലെ സിറ്റിംഗ് കൗൺസിലറും ഒമ്പതാം വാർഡിൽ ഇക്കുറി ജനവിധി തേടുന്ന സെബി വി. ബാസ്റ്റ്യനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ജനകീയ മുന്നണി രൂപീകരിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നത്.

സിറ്റിംഗ് കൗൺസിലിലെ കോൺഗ്രസ് റിബലുകളായിരുന്ന സെബി വി. ബാസ്റ്റ്യനും കെ. ജയകുമാറും കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കെ.വി. സരളയും ബി.ജെ.പിയുടെ ഏക അംഗം എ.സി. സന്തോഷ് കുമാറുമെല്ലാം ജനകീയ മുന്നണി കൗൺസിലർമാർ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ജയകുമാർ ഒഴികെ മൂന്ന് പേരും ഇക്കുറിയും മത്സരരംഗത്തുണ്ട്. സന്തോഷ് കുമാർ എൻ.ഡി.എയുടെ ചെയർമാൻ സ്ഥാനാർത്ഥിയാണ്. പത്രിക പിൻവലിക്കുന്നതിനുള്ള സമയം പൂർത്തിയായാൽ ജനകീയ മുന്നണി സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കി സംയുക്ത പ്രചരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. 16 സ്ഥാനാർത്ഥികൾ മുന്നണിയുടെ ഭാഗമാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ വോട്ടെടുപ്പിന് ഒരാഴ്ച്ച മാത്രം ശേഷിക്കെയാണ് കെ.വി. സരള കോർഡിനേറ്ററായി മുന്നണി യാഥാർത്ഥ്യമായത്. മാത്രമല്ല, മുഖ്യ സംഘാടകനായി അറിയപ്പെട്ടിരുന്ന സെബി വി. ബാസ്റ്റ്യൻ മുന്നണിയുടെ ഭാഗമല്ലാതാകുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായി സുഹൃത്ത് മത്സരിക്കുന്ന വാർഡിലെ റബലിനെ കൂട്ടായ്മയിൽ ചേർത്തതാണ് വിയോജിപ്പിന് കാരണമെന്നാണ് സൂചന. എന്നാൽ, വ്യക്തമായ അജണ്ടകൾ രൂപപ്പെടുത്താതെ കൂട്ടായ്മ രൂപീകരിച്ചതിനാലാണ് പിൻവാങ്ങിയതെന്നാണ് സെബി വി.ബാസ്റ്റ്യന്റെ വിശദീകരണം.

സിറ്റിംഗ് കൗൺസിലറും ഒരു മുൻ ചെയർമാനും ഒരു മുൻ കൗൺസിലറും ഉൾപ്പെടെ ഒമ്പത് പേർ മുന്നണിയുടെ ഭാഗമായുണ്ട്. ഇവരിൽ അഞ്ച് പേർ കോൺഗ്രസ് റിബലുകളാണ്. കെ.വി.സരള (എട്ട്), മുൻ ചെയർമാൻ ഫ്രാൻസിസ് തോമസ് (20), മുൻ കൗൺസിലർ മുഹമ്മദ് ബഷീർ (രണ്ട്) എന്നിവരും എലിസബത്ത് ഫ്രാൻസിസ് (10), ബോബൻ ബി കിഴക്കേത്തറ (11), സുധീർ പണിക്കർ (12), ഹക്കീക്കത്ത് ഹമീദ് (13), ബിജു എം ഫ്രാൻസിസ് (16), ജിജോ ജോസ് (18) എന്നിവരുമാണ് ജനകീയ മുന്നണിയുടെ ഭാഗമായത്. ആലുവയ്ക്കുണ്ടാക്കിയ ഭരണപരവും സാമ്പത്തികമായ ആഘാതം മറികടക്കാൻ വികസനാധിഷ്ഠിതമായ ഭരണം വിഭാവനം ചെയ്യുമെന്ന് ജനകീയ മുന്നണി കോർഡിനേറ്റർ കെ.വി. സരള അറിയിച്ചു.