ആലുവ: രാജിവെച്ചയാളെ രണ്ടാഴ്ച്ചക്കുശേഷം പുറത്താക്കിയെന്ന് അറിയിച്ച് ഡി.സി.സി നേതൃത്വം വെട്ടിലായി. ആലുവ നഗരസഭ 16 -ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ഇസ്മയിൽ പൂഴിത്തറയെ പുറത്താക്കിയതായി അറിയിച്ച് വ്യാഴാഴ്ചയാണ് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് മണ്ഡലം - ബ്ളോക്ക് പ്രസിഡന്റുമാർക്ക് കത്ത് കൈമാറിയത്.
എന്നാൽ വാർഡ് കമ്മിറ്റി പ്രസിഡന്റും ബൂത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഇസ്മയിൽ പൂഴിത്തറ കഴിഞ്ഞ 16ന് തൽസ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതായി അറിയിച്ച് പാർട്ടി മണ്ഡലം - ബ്ളോക്ക് പ്രസിഡന്റുമാർക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് 16 -ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. ഇത് സംബന്ധിച്ച് തൊട്ടടുത്ത ദിവസം മാദ്ധ്യമങ്ങളിൽ വാർത്തയും വന്നു. ഈ സാഹചര്യത്തിൽ തന്നെ പുറത്താക്കിയെന്ന വാർത്ത അത്ഭുതപ്പെടുത്തുന്നതാണെന്ന് ഇസ്മയിൽ പൂഴിത്തറ പറഞ്ഞു.