കൊച്ചി: കഴുത്ത്, തല ( ഹെഡ്, നെക്ക് ) ശസ്ത്രക്രിയയിൽ നൂതനരതികൾ വഴി ചെലവ് 30 ശതമാനം കുറയ്ക്കാൻ സാധിക്കുന്ന മലയാളികളുടെ കണ്ടെത്തൽ ബ്രിട്ടീഷ് ജേർണൽ ഒഫ് പ്ലാസ്റ്റിക് സർജറിയിൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചു. കൊച്ചി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഡോ. ഷോൺ ടി. ജോസഫ്, ഡോ ജോസ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠനമാണിത്. ഡോ. മിഹിർ മോഹൻ, ഡോ. നവീൻ ബി.എസ്., ഡോ. ആദർശ് ആനന്ദ് എന്നിവരും പഠനത്തിന്റെ പങ്കാളികളായി.
നാവ്, വായുടെ മേൽഭാഗം (പാലെറ്റ്), സ്വനപേടകം (വോയ്‌സ് ബോക്‌സ്), താടിയെല്ല് (ജോ), ശ്വാസനാളം (വിൻഡ്‌പൈപ്പ്), അന്നനാളം (ഫുഡ്‌പൈപ്പ്) എന്നീ ഭാഗങ്ങളിലുള്ള ന്യൂനതകൾ പരിഹരിക്കുന്ന ശസ്ത്രക്രിയ കൂടുതൽ ലളിതമാക്കുന്നതാണ് കണ്ടുപിടുത്തം. കഴുത്തിലെ രക്തക്കുഴലുകളിൽ നിന്നുള്ള ടിഷ്യു ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്. ലാറിംഗ്സ്, താടിയിലെ ട്യൂമറുകൾ എന്നിവയ്ക്ക് നൂതനങ്ങളായ ചികിത്സാമാർഗങ്ങളും ഉൾപ്പെട്ടതാണ് പ്രബന്ധം. ശസ്ത്രക്രിയാസമയം നാലു മണിക്കൂർ വരെ കുറയ്ക്കാനാവും. ഐ.സി.യു വാസവും കുറയ്ക്കാനും സഹായിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.