justice-
ജസ്റ്റിസ് മുരളി ശങ്കർ കുപ്പുരാജും ജസ്റ്റിസ് ടി.വി. തമിഴ് സെൽവിയും

നാടെങ്ങും കൊവിഡ് ഭീതിയിൽ കനത്ത മുൻകരുതലുകളും നിർദ്ദേശങ്ങളും നടപ്പാക്കുമ്പോൾ ഇനിയും നേരം വെളുക്കാത്ത ചിലരുണ്ട്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പൊതുയിടങ്ങളിൽ സദാ അലഞ്ഞു തിരിയുന്നവർ. ഇത്തരക്കാരെ നിയന്ത്രിക്കാൻ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു ഉത്തരവു നൽകി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നവരെ കൊവിഡ് സെന്ററുകളിൽ നിർബന്ധിത സാമൂഹ്യ സേവനത്തിന് വിടണം. പറഞ്ഞാൽ കേൾക്കാത്തവരെ പഠിപ്പിച്ചു കൊടുക്കണമെന്ന ഹൈക്കോടതി വിധി പക്ഷേ, കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തു. മാസ്കിട്ട് സാമൂഹ്യ സേവനം നല്ലതു തന്നെ. എന്നാൽ കൊവിഡ് കെയർ സെന്ററുകളിൽ സാമൂഹ്യ സേവനത്തിന് നിയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെക്കുമെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സോളിസിറ്റർ ജനറൽ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. മതിയായ പരിശീലനമില്ലാത്തവർ കൊവിഡ് സെന്ററിൽ സേവനം ചെയ്യുന്നത് അവർക്ക് രോഗബാധയുണ്ടാകാനിടയാക്കും. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയതിനെ അപേക്ഷിച്ചു കൂടുതൽ അപകടകരമായ സ്ഥിതിയാണിതെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. മാത്രമല്ല, മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചവരുടെ പ്രായം, ആരോഗ്യ സ്ഥിതി തുടങ്ങിയവ കണക്കിലെടുക്കാതെ ഇവരെ സാമൂഹ്യ സേവനത്തിനായി കൊവിഡ് സെന്ററിലേക്ക് അയക്കുന്നത് ശരിയല്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. തുടർന്നാണ് സുപ്രീം കോടതി ഇതു സ്റ്റേ ചെയ്തത്. എന്നാൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഇൗടാക്കുന്ന പിഴ 1000 രൂപയാക്കി ഗുജറാത്ത് സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇൗ ഇനത്തിൽ നവംബർ 23 വരെയുള്ള കാലയളവിൽ 83 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ഇക്കാര്യവും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഇൗ വ്യവസ്ഥ സ്റ്റേ ചെയ്യുന്നതിന് തൊട്ടു മുമ്പ് സമാനമായ നിർദ്ദേശം അലഹബാദ് ഹൈക്കോടതി യു.പി സർക്കാരിനു നൽകിയിരുന്നു. എന്നാൽ കൊവിഡ് സെന്ററിൽ തന്നെ സാമൂഹ്യ സേവനത്തിനു നിർദ്ദേശിക്കണമെന്ന് പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിട്ടൈസർ ഉപയോഗിച്ചും കൊവിഡ് രോഗത്തെ തുരത്താമെന്നിരിക്കെ സർക്കാരുകളുടെ നിർദ്ദേശം കാറ്റിൽ പറത്തി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരെ തടയാൻ പുതിയ മാർഗ്ഗങ്ങൾ വേണമെന്ന ചിന്തയാണ് ഹൈക്കോടതികളെക്കൊണ്ട് കടത്തു തീരുമാനങ്ങൾ എടുപ്പിക്കുന്നത്. മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളിലിറങ്ങുന്നവർ മറ്റുള്ളവരുടെ മൗലികാവകാശങ്ങളെ മാനിക്കുന്നില്ലെന്ന് ഹൈക്കോടതി വിധികളിൽ പറയുന്നുണ്ട്. രോഗം വരാതിരിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള പൗരന്റെ അവകാശത്തെ മാനിക്കാതെ മാസ്കിടാതെ പൊതുസ്ഥലത്ത് രോഗം പരത്താനിറങ്ങുന്ന മനുഷ്യരെ എങ്ങനെ നിയന്ത്രിക്കുമെന്നത് ഇനിയും സർക്കാരുകൾക്കു തലവേദനയാണ്.

 അപൂർവ ദമ്പതികൾ

ഇന്ത്യൻ നീതിപീഠങ്ങളുടെ ചരിത്രത്തിൽ തന്നെ അപൂർവമായൊരു സംഭവത്തിന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സാക്ഷ്യം വഹിച്ചു. ഭാര്യയും ഭർത്താവും ഒരേദിവസം ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് മുരളി ശങ്കർ കുപ്പുരാജും ഭാര്യ ജസ്റ്റിസ് ടി.വി തമിഴ്സെൽവിയുമാണ് അപൂർവ ഭാഗ്യത്തിനുടമകളായ ദമ്പതികൾ. സമാനമായ സംഭവം 2009 ൽ ഡെൽഹി ഹൈക്കോടതിയിലുണ്ടായിട്ടുണ്ട്. ദമ്പതികളായ ജസ്റ്റിസ് എ.കെ. പഥക്കും ജസ്റ്റിസ് ഇന്ദർമീത് കൗറും ഒരേദിവസമാണ് ജഡ്ജിമാരായത്. കഴിഞ്ഞ ദിവസം പത്തു പേരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റത്.