ആലുവ: ആലുവ നഗരസഭയിൽ ശാസ്താടെമ്പിൾ 21 -ാം വാർഡിൽ ഇക്കുറി മുന്നണികളുടെ അഭിമാനപ്പോരാട്ടമാണ്. യഥാർത്ഥത്തിൽ ത്രികോണ മത്സരം. ശതാബ്ദി നിറവിലെത്തിയ ആലുവ നഗരസഭയിൽ കഴിഞ്ഞ തവണ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്ന വാർഡാണ് എന്നതാണ് പ്രത്യേകത. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എൻ.ഡി.എയും തിരിച്ചുപിടിക്കാൻ യു.ഡി.എഫും ഇഞ്ചോടിച്ച് പോരാടുകയാണ്. നില മെച്ചപ്പെടുത്തുകയമല്ല അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നതെന്ന് എൽ.ഡി.എഫും പറയുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥിയായി 28 വർഷമായി അങ്കണവാടി അദ്ധ്യാപികയായ ഇന്ദിരാദേവിയാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് ഭാരവാഹി സീന ബഷീറും മത്സരിക്കുന്നു. അട്ടിമറിവിജയം നേടാൻ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് സപ്ളൈകോയിലെ താത്കാലിക ജീവനക്കാരി സിന്ധു ബിജുവിനെയാണ്. മുൻ കൗൺസിലർ കൂടിയായ കോൺഗ്രസ് നേതാവ് പി.പി. ജെയിംസിനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ എ.സി. സന്തോഷ്‌കുമാർ 28 വോട്ടിന് പരാജയപ്പെടുത്തിയത്. 241 വോട്ടുമായി പി.പി. ജെയിംസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. സിയാദ് നേടിയത് 53 വോട്ട് മാത്രമാണ്.
2010ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ പരാജയപ്പെട്ട ജെയിംസിന്റെ ഭാര്യ സിംല ജെയിംസിനായിരുന്നു വിജയം. ബി.ജെ.പിയിലെ സുശീല രവീന്ദ്രഷേണായിയെ 113 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എം.സി.പി.ഐ (യു) സ്ഥാനാർത്ഥി കെ.കെ. അംബികാദേവി 80 വോട്ട് നേടി മൂന്നാംസ്ഥാനത്തെത്തിയപ്പോൾ എൽ.ഡി.എഫിലെ സുഗന്ധം രംഗനാഥ ഷേണായി 41 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പിക്ക് ശക്തമായ അടിത്തറയുള്ള വാർഡിൽ കൊങ്കിണി സമുദായമാണ് വിധി നിർണയിക്കുന്നത്. 2005ൽ നിലവിലുള്ള വാർഡിന്
റെ ഭൂരിഭാഗം പ്രദേശവും ഉൾപ്പെടുന്ന 18 -ാം വാർഡിൽ പി.പി. ജെയിംസ് ഇവിടെ 72 വോട്ടിന് ബി.ജെ.പിയിലെ മനോജ് കമ്മത്തിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
എൻ.ഡി.എ സിറ്റിംഗ് സീറ്റ് നിലനിർത്തുകയെന്നത് അഭിമാനപോരാട്ടമായാണ് കാണുന്നത്. സിറ്റിംഗ് കൗൺസിലർ വാർഡിൽ നടത്തിയ വികസനപ്രവർത്തനങ്ങളും അങ്കണവാടി അദ്ധ്യാപികയെന്ന നിലയിൽ പുതുതലമുറയിലെ വോട്ടർമാരുമായുള്ള ബന്ധവും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. സാമൂഹ്യപ്രവർത്തക എന്ന നിലയിലുള്ള ബന്ധം ഗു
ണംചെയ്യുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും കരുതുന്നു.