
കൊച്ചി: നഗ്നപാദനായി കിലോമീറ്ററുകൾ താണ്ടി പഴനിയിലേക്ക് തീർത്ഥയാത്ര നടത്തുന്ന ആലപ്പുഴ ആശ്രമം വാർഡിൽ താമസിക്കുന്ന ഭദ്രന് ഇത് ഈശ്വര നിയോഗം. 35 വർഷമായി മുടങ്ങാതെ പഴനിയിൽ ദർശനം നടത്തുന്ന ഭദ്രൻ ഇത് രണ്ടാം തവണയാണ് കാൽനടയായി പോകുന്നത്. മുരുക ഭക്തനായ ഭദ്രൻ കഴിഞ്ഞ വർഷമാണ് ആദ്യമായി കാൽനടയായി പഴനിയിലെത്തിയത്. 2019ൽ ദർശനത്തിന് പോകും മുന്നേ നടന്ന് പോകണമെന്ന് മനസിൽ തോന്നുകയായിരുന്നു. പിന്നെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ കട ജീവനക്കാരനെ ഏൽപ്പിച്ച് 15 ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്ന് പറഞ്ഞ് യാത്ര തിരിച്ചു. യാത്രയ്ക്കിടെ വഴിയോരത്തെ ക്ഷേത്രങ്ങളിൽ താമസിച്ചു. 9 നാൾ കൊണ്ട് പഴനിയിലെത്തി ദർശനം നടത്തി. ഇത്തവണ കൊവിഡ് കാലമായതിനാൽ ക്ഷേത്രങ്ങളിലും മറ്റും കിടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി റൂമെടുത്ത് താമസിച്ചാണ് യാത്ര. കഴിഞ്ഞ യാത്രയ്ക്കിടയിൽ തന്നെ വീട്ടിൽ വിളിച്ച് കൊണ്ടുപോയി ഒരു ഭക്തൻ ഭക്ഷണം നൽകുകയും ഭഗവാന് അർപ്പിക്കാനായി കാണിക്കയും നൽകിയതാണ് മറക്കാനാവാത്ത അനുഭവം. പോഞ്ഞിക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയിൽ നിന്ന് കാവടി ഏറ്റുവാങ്ങിയാണ് യാത്രതുടങ്ങിയത്. കാവടിയുമായുള്ള യാത്രയായിട്ടും കിലോമീറ്ററുകൾ താണ്ടി പഴനി അടിവാരത്ത് എത്തിയാലും ഒരു ക്ഷീണമോ തളർച്ചയോ ഉണ്ടാകാത്തത് ഭഗവാന്റെ കാരുണ്യമായി കാണുകയാണ് ഭദ്രൻ. ഭാര്യയും മൂന്ന് മക്കളും അടങ്ങിയതാണ് കുടുംബം. മൂത്തമകൻ എയർഫോഴ്സിലാണ്. മറ്റൊരാൾ ടാറ്റു ഷോപ്പ് നടത്തുന്നു.