കൊച്ചി: വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഓൺലൈൻ കലാമത്സരത്തിൽ കൊച്ചിൻ കോർപ്പറേഷൻ ക്ലസ്റ്റർ ഓവറോൾ കിരീടം നേടി. നൂറിൽ 85 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്.
80 പോയിന്റുമായി അങ്കമാലി ബ്ലോക്ക് ക്ലസ്റ്ററും 75 പോയിന്റുമായി ഇടപ്പള്ളി ബ്ലോക്ക് ക്ലസ്റ്ററും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജില്ലയിലെ വജ്രജൂബിലി ഫെലോഷിപ്പ് അദ്ധ്യാപകരുടെ കലാവതരണത്തിന് നടത്തിയ ഉയിർപ്പ് 2020 ഓൺലൈൻ ആർട്ട്‌ഫെസ്റ്റിനോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും തിരഞ്ഞെടുപ്പിനുശേഷം നൽകുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ എം.എൻ. പ്രശാന്ത് അറിയിച്ചു.
ആർട്ട്‌ഫെസ്റ്റിൽ 106 കലാകാരന്മാർ അവതരണം നടത്തി. സാംസ്‌കാരിക വകുപ്പിന്റെ സർഗസാകല്യം ഫോസ്ബുക്ക് പേജ് വഴിയാണ് കലാവതരണം നടന്നത്. കേരളപ്പിറവി ദിനത്തിൽ മന്ത്രി എ.കെ. ബാലൻ ആർട്ട്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലയിലെ ചിത്രരചന പഠിതാക്കൾക്കായി നടത്തിയ പെയ്ന്റിംഗ് എക്‌സിബിഷൻ ബിനാലെ സമിതി അംഗം ബോസ് കൃഷ്ണമാചാരി നിർവഹിച്ചു.