അങ്കമാലി: അങ്കമാലിയെ ശുചിത്വഹരിത നഗരമാക്കി മാറ്റുമെന്നുൾപ്പെടെ 52 വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. ഭൂമിയുള്ള പുതിയ അപേക്ഷകർക്കും ഭൂരഹിതരായ എല്ലാ കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനകം ഭവനനിർമ്മാണ സഹായം ഉറപ്പാക്കും. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ തുടരും. മാലിന്യസംസ്‌കരണ സംവിധാനം ഏർപ്പെടുത്തുന്നവർക്ക് നികുതിയിൽ ഇളവ് നൽകും. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ വിപുലീകരിക്കും. വാർഡ് അടിസ്ഥാനത്തിൽ രക്തദാന സേനയുണ്ടാക്കി ആവശ്യക്കാർക്ക് രക്തം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. വാർഡ് അടിസ്ഥാനത്തിൽ അവയവദാന സമ്മതപത്രം സ്വീകരിച്ച് സർക്കാരിലേക്ക് കൈമാറുകയും തുടർ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. കാൻസർ, വൃക്ക, ഹൃദ്രോഗികൾ എന്നിവർക്ക് ചികിത്സാർത്ഥമുള്ള സൗജന്യആംബുലൻസ് യാത്രഉറപ്പാക്കും.നഗരസഭയിലെ വിവിധ മേഖലകളിൽ പകൽവീടുകളൊരുക്കും. വയോമിത്രം ക്ലിനിക്കുകളുടെ എണ്ണം വാർഡിൽ രണ്ടായി ഉയർത്തും.
വാർഡുകളിലും കിടപ്പുരോഗികൾക്ക് വീടുകളിലുമെത്തി സാമ്പിൾ ശേഖരിച്ച് പരിശോധനാഫലം വീട്ടിലെത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച മൊബൈൽ ലാബോറട്ടറി കൊവിഡ് ഭീതിയൊഴിഞ്ഞാൽ വീണ്ടും പ്രവർത്തനം തുടങ്ങും. കരയാംപറമ്പിൽ നിന്നും ആരംഭിച്ച് മുല്ലശ്ശേരിത്തോടിനോട് ചേർന്ന് എം.സി.റോഡിൽ വേങ്ങൂർ ഡബിൾ പാലത്തിനുസമീപം എത്തിച്ചേരുന്ന റിംഗ് റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതര സമാന്തര ഗതാഗത റിംഗ് റോഡുകളും യാഥാർത്ഥ്യമാക്കും. അങ്കമാലി ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ
പരിശ്രമിക്കും. അങ്കമാലിവരെ നീട്ടാൻ തീരുമാനിച്ചിട്ടുള്ള മെട്രോ റെയിൽപദ്ധതി ത്വരിതഗതിയിലാക്കാൻ
സർക്കാരിൽ സമ്മർദം ചെലുത്തും.