കോലഞ്ചേരി: കൈയ്യിൽ മഷിപുരളാൻ അഞ്ചുദിനങ്ങൾ ശേഷിക്കെ കുന്നത്തുനാട് മേഖലയിലെ പഞ്ചായത്തുകളിൽ പോരാട്ടത്തിനു വാശിയേറുന്നു. മൈക്ക് പ്രചാരണങ്ങൾക്ക് അവസരം ലഭിച്ചതോടെ ഗ്രാമവീഥികൾ അനൗൺസ്‌മെന്റ് വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു. പരസ്യപ്രചാരണത്തിന്റെ എല്ലാ മേഖലകളും പരമാവധി ഉപയോഗിച്ചാണ് ഗ്രാമങ്ങളിലെ പ്രചാരണം. ഒന്നും രണ്ടും ഘട്ടങ്ങൾ ശാന്തമായ പ്രചാരണമായിരുന്നെങ്കിൽ മൂന്നാം ഘട്ടത്തിൽ അത് ശബ്ദമുഖരിതമായി. പോളിംഗ് ബൂത്തുകൾക്ക് സമീപത്തായി നേരത്തെ തന്നെ അളന്നു തിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളുടെ കൂ​റ്റൻ ഫ്ളക്സുകൾ ഉയർന്നു. കൂടാതെ ബൂത്ത് ഓഫീസുകളും കെട്ടി അലങ്കരിച്ചു തുടങ്ങി. വീറും വാശിയും പ്രചാരണത്തിന് ഏറുമ്പോഴും സ്ഥാനാർത്ഥികൾ ഭവനസന്ദർശനത്തിലും നിശബ്ദ വോട്ടുപിടിത്തത്തിലുമാണ്. ഒരു വീട്ടിൽ ഇതിനോടകം നാലും അഞ്ചും തവണ എത്തിയ സ്ഥാനാർത്ഥികളുണ്ട്. ആടിയുലഞ്ഞു നിൽക്കുന്ന വോട്ടുകൾ തിരിച്ചറിയാൻ അണികളെ ആദ്യം അയയ്ക്കുകയാണ് ഇപ്പോഴത്തെ രീതി. പിന്നാലെയാണ് സ്ഥാനാർത്ഥിയുടെ വരവ്. സൗഹൃദം, ജാതി, രാഷ്ട്രീയം എല്ലാം പയ​റ്റിയാണ് മിക്ക സ്ഥാനാർഥികളും വോട്ട് ഉറപ്പിക്കുന്നത്. സ്വതന്ത്രരുൾപ്പടെ പാർട്ടി പരിപാടികളിൽ സജീവമല്ലാത്തവരെ ഉൾപ്പടെ പാർട്ടി വേദികളിൽ പരിചയപ്പെടുത്തുന്ന സമ്മേളനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കോർണർ യോഗങ്ങളുമുണ്ട്.