kila

കോലഞ്ചേരി: തിരഞ്ഞെടുപ്പിൽ ആരെല്ലാം വാഴുമെന്നും വീഴുമെന്നും അറിയാൽ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. വോട്ടെടുപ്പിൽ വിജയക്കൊടി പാറിക്കുന്നവർ വാർഡിന്റേയും ഡിവിഷന്റേയും നാഥനാകുമെങ്കിലും ഭരണം നടത്താനുള്ള നിലയിലേക്ക് ഉയരായൻ പഠിച്ച് പാസാകണം ! പഞ്ചായത്ത് രാജ് ചരിത്രവും, വളർച്ചയും, പഞ്ചായത്ത് ഭരണ സംവിധാനം, പഞ്ചായത്തിന്റെയും അംഗങ്ങളുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും, ഗ്രാമസഭ, യോഗ നടപടി ക്രമങ്ങൾ, പഞ്ചായത്തിലെ ഉദ്യോഗസ്ഥ സംവിധാനം, ജനസൗഹൃദ കാര്യാലയം, മാലിന്യ സംസ്‌കരണം എന്നിവയെല്ലാമാണ് പൊതുഭരണത്തിൽ ഉൾപ്പെടുത്തി ജനപ്രതിനിധികളായെത്തുന്നവരെ പ്രാഥമീകമായി പഠിപ്പിക്കുന്നത്. കിലയാണ് (കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ ) ഇതിന് നേതൃത്വം നൽകുന്നത്.പങ്കാളിത്ത ആസൂത്രണം, ധന മാനേജ്‌മെന്റ്, സാമൂഹിക ക്ഷേമവും സേവനങ്ങളും, പൊതുമരാമത്ത് എന്നിവയും ജനപ്രതിനിധികൾ പഠിക്കണം. സ്ഥിരംസമിതികളുടെ രൂപീകരണം, ചുമതലകൾ എന്നിവയും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് യോഗങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കുക, പഞ്ചായത്തിന്റെ ഭരണത്തിൽ വരുന്ന കാര്യങ്ങളെ സംബന്ധിച്ച് പ്രസിഡന്റിനോടും സ്ഥിരംസമിതി അദ്ധ്യക്ഷരോടും ചോദ്യങ്ങൾ ചോദിക്കുക, പ്രസിഡന്റിന് യഥാവിധി നോട്ടിസ് നൽകിയശേഷം പഞ്ചായത്തിന്റെ വിജ്ഞാപിത പ്രമാണം ഒഴികെയുള്ള രേഖകൾ ഓഫിസ് സമയത്ത് പരിശോധിക്കുക, ജനങ്ങളുടെ ആവശ്യങ്ങൾ, പണികളിലെ വീഴ്ച, പൊതു പ്രാധാന്യമുള്ള മ​റ്റു വിഷയങ്ങൾ, എന്നിവ സംബന്ധിച്ച് പഞ്ചായത്തിന്റെ ശ്രദ്ധ ക്ഷണിക്കുക, പഞ്ചായത്ത്‌ നടത്തുന്ന ജോലികളോ പണികളോ ആവശ്യമെങ്കിൽ പരിശോധിക്കുക എന്നിവയാണ് പഞ്ചായത്തംഗങ്ങളുടെ അവകാശങ്ങൾ. പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം,വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്ഥിരംസമിതികളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ഇതിൽ ഏതെങ്കിലും ഒരു സമിതിയിൽ അംഗമാകും. ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വൈസ് പ്രസിഡന്റാണ്. മ​റ്റു സമിതികളുടെ അദ്ധ്യക്ഷന്മാരെ സമിതിയിലെ അംഗങ്ങൾ ചേർന്നു തിരഞ്ഞെടുക്കുകയാണ്.

കില

1990ൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ രൂപം നൽകിയ സ്വയംഭരണ സ്ഥാപനമാണ് 'കില'. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറികിട്ടിയ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സാമൂഹ്യപ്രവർത്തകർക്കും പരിശീലനം നൽകുക എന്നതാണ് 'കില'യുടെ മുഖ്യ ഉത്തരവാദിത്വം. അധികാര വികേന്ദ്രീകരണവുമായും പ്രാദേശിക ആസൂത്രണവുമായും പൊതുഭരണവുമായും ബന്ധപ്പെട്ട പഠനഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിനും നയരൂപീകരണത്തിനുമാവശ്യമായ വിദഗ്ദ്ധ ഉപദേശവും സഹായവും നല്കുകയും 'കില'യുടെ ഉത്തരവാദിത്വമാണ്.

മൂന്ന് ദിവസത്തെ പഠനം

ജനപ്രതിനിധികൾക്ക് മൂന്ന് ദിവസത്തെ പഠനക്ലാസാണ് കില നടത്തുന്നത്. കില ആസ്ഥാനത്ത് താമസിച്ച് വേണം പരിശീലനം പൂർത്തിയാക്കാൻ. ഗ്രാമപഞ്ചായത്ത്,​ ജില്ലാ പഞ്ചായത്ത്,​ കോ‌ർപ്പറേഷൻ എന്നിങ്ങനെ തിരിച്ചാണ് ജനപ്രതിനിധികൾക്കുള്ള ക്ലാസുകൾ നൽകുന്നത്.