road
തകർന്ന് തരിപ്പണമായി കിടക്കുന്ന കീഴ്മാട് സർക്കുലർ റോഡ്

ആലുവ: നാല് വർഷത്തോളമായി പാതി വഴിയിൽ മുടങ്ങിയ കീഴ്മാട് സർക്കുലർ റോഡ് ടാറിംഗ് പുനരാരംഭിക്കാത്തതിനെതിരെ കീഴ്മാട് സർക്കുലർ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരത്തോളം കുടുംബങ്ങൾ ത്രിതല തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരി ടാറിംഗ് വൈകിപ്പിക്കുകയാണെന്നും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ ജനപ്രതിനിധികൾക്ക് കഴിയുന്നില്ലെന്നുമാണ് ആരോപണം.

കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി മുതൽ ജി.ടി.എൻ വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് നാലുവർഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് 1.87 കോടി രൂപ അനുവദിച്ചത്. മലയാറ്റൂർ സ്വദേശിയായ കരാറുകാരൻ ജി.ടി.എൻ മുതൽ കീഴ്മാട് അയ്യങ്കുഴി വരെ ടാറിംഗ് പൂർത്തീകരിച്ചു. ബാക്കിയുള്ള രണ്ട് കിലോമീറ്റർ മുടങ്ങിക്കിടക്കുകയാണ്. റോഡ് തകർന്നുകിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും വരാത്ത അവസ്ഥയാണ്.

# പാരയായത് ഭൂഗർഭ പൈപ്പ് സ്ഥാപിക്കൽ

ജപ്പാൻ കുടിവെള്ള പദ്ധതിക്കായി ഭൂഗർഭപൈപ്പ് സ്ഥാപിക്കുന്നതിനാണ് ടാറിംഗ് നിർത്തിയത്. അയ്യംങ്കുഴി മുതൽ എം.ആർ.എസ് വരെയുള്ള 400 മീറ്ററിലാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. സാങ്കേതിക കാരണങ്ങളാൽ വാട്ടർ അതോറിട്ടിയുടെ പദ്ധതി അനിശ്ചിതത്വത്തിലായത് ടാറിംഗിനും തടസമായി.

റോഡിന്റെ സംരക്ഷണത്തിനായി പൈപ്പ് സ്ഥാപിച്ച ശേഷം ടാറിംഗ് നടത്തായിരുന്നു പൊതുമരാമത്ത് വകുപ്പ് നിർദേശം. എന്നാൽ നാല് വർഷമായിട്ടും പൈപ്പും വന്നില്ല ടാറിംഗും നടന്നില്ല. ഇതിനെതിരെ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയിൽ നിർമ്മാണക്കരാറിൽ നിന്നൊഴിവാകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചത് വീണ്ടും വിനയായി. കോടതി നിർദേശത്തെ തുടർന്ന് സർക്കാർ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനമായില്ല.

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

ടാറിംഗ് പൂർത്തീകരിക്കാത്ത ഭാഗത്ത് ആയിരത്തോളം കുടുംബങ്ങളുണ്ട്. എല്ലാവരുടെയും വീടുകളിൽ നേരിട്ടെത്തി തിരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം നൽകിയിട്ടുണ്ട്. 90 ശതമാനത്തിനും യോജിപ്പാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിശ്വസിക്കുന്നവരുണ്ട്. 27 കുടുംബങ്ങളാണ് സമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലുള്ളത്.

ബേബി വർഗീസ്

ചെയർമാൻ, കീഴ്മാട് സർക്കുലർ റോഡ് സംരക്ഷണ സമിതി

സർക്കാർ തീരുമാനമുണ്ടായാൽ ഉടൻ നടപടി

ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ ഹിയറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. അന്തിമതീരുമാനം കെെക്കൊണ്ടിട്ടില്ല. കൊവിഡ് പ്രതിസന്ധിയിൽ നീണ്ടുപോയി. തീരുമാനമറിയിച്ചാൽ ഉടൻ നടപടിയെടുക്കും. വാട്ടർ അതോറിട്ടി പൈപ്പ് ഇടുന്നതിന് കാലതാമസം വരുത്തിയതാണ് പ്രശ്നമായത്.

മുഹമ്മദ് ബഷീർ

അസി. എക്സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ള ്യു.ഡി