 
കളമശേരി: നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാശിപ്പിച്ചു. പ്രകടനപത്രികയിൽ ക്യൂ.ആർ കോഡ് പ്രിന്റുചെയ്തത് പുതുമയുള്ളതായി. മുനിസിപ്പൽ ഭരണം കിട്ടിയാൽ മാദ്ധ്യമങ്ങൾക്ക് പ്രത്യേകം മുറിയുൾപ്പെടെയുള്ള സൗകര്യമൊരുക്കുമെന്ന് മുൻ എം.എൽ.എ.യും ജനറൽ കൺവീനറുമായ എ.എം.യൂസഫ് പറഞ്ഞു. പ്രധാന കവലകളിൽ ശൗചാലയം സ്ഥാപിക്കും. ഓൺലൈൻ ക്ലാസുകളുടെ മാതൃക പിന്തുടർന്ന് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാം ഓൺലൈൻ സംവിധാനമാക്കും. ദിവസങ്ങളോളം ഓഫീസ് വരാന്തകയറി ഇറങ്ങിയുള്ള വിഷമതകൾ ഇല്ലാതാക്കാൻ ഇതുമൂലം കഴിയുമെന്ന് മുൻ എംപിയും സി.ഐ.ടി.യു. ദേശിയ സെക്രട്ടറിയുമായ കെ. ചന്ദ്രൻപിള്ള പറഞ്ഞു.
കുടിവെള്ളം, വെള്ളക്കെട്ട്, മാലിന്യനിർമാർജനം, കൃഷി, മൃഗസംരക്ഷണം , വിദ്യാഭ്യാസം, സമ്പൂർണഭവന നഗരം, വ്യവസായം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിലെല്ലാം വൻ മാറ്റങ്ങൾ വരുത്തുമെന്ന് പ്രകടനപത്രികയിൽ പറയുന്നു.
പത്രസമ്മേളനത്തിൽ കൺവീനർ അബ്ദുൾ കരിം, സി.പി.ഐ ലോക്കൽ സെക്രട്ടറി രമേശൻ, ജനതാദൾ മണ്ഡലം പ്രസിഡന്റ് നിയാസ്, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ജലീൽ എന്നിവരും പങ്കെടുത്തു.