election

മൂവാറ്റുപുഴ: ഭാര്യയും ഭർത്താവും മാറിമറി മത്സരിച്ച് ജയിക്കുന്ന വാർഡ്. കേട്ടാൽ ആശ്ചര്യം തോന്നുമെങ്കിലും മൂവാറ്രുപുഴ നഗരസഭയിലെ സംഗമം വാർഡിലെ താരങ്ങളാണ് ഈ ദമ്പതികൾ. എം.കെ ദിലീപും ഭാര്യ രാജി ദിലീപുമാണ് വാർഡിനെ പ്രതിനിധീകരിച്ച് നഗരസഭയിൽ എത്തിയത്. ഇടത് മുന്നണിക്ക് സ്വാധീനമുള്ള വാർഡിൽ ഇക്കുറി ദിലീപാണ് ജനഹിതം തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഭാര്യ മികച്ച വിജയം നേടുകയും ആരോഗ്യ ഉപസമതി ചെയർപേഴ്സണാകുകയും ചെയ്തിരുന്നു.

ആദ്യ തരഞ്ഞെടുപ്പിൽ രാജി ദിലീപ് 246 വോട്ടിന് ജയിച്ചു. തൊട്ടടുത്ത തദ്ദേശപ്പോരിൽ ദിലീപ് 270 വോട്ടിന് വെന്നിക്കൊടി പാറിച്ചു. രണ്ടാം വട്ടം രാജിക്ക് 166 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. വാർഡിലെ വികസനം ഉയർത്തായാണ് ദമ്പതികളുടെ പ്രചരണം.

ആനിക്കാകുടി കോളനി, റോട്ടറി കോളനി എന്നിവയുൾപ്പെടുന്ന വാർഡാണിത്. ഈ രണ്ട് കോളനികളും ഹൈടെക് കോളനിയാക്കിയിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിച്ചു, എല്ലാവർക്കും വീട് നൽകാനായി എന്നതെല്ലാം നേട്ടമായി കാണുന്നതായി ഇവർ പറയുന്നു. അമൽ ബാബുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രമേഷ് നാരായണനാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്.