nda

കൊച്ചി: കൊച്ചി കോർപ്പറേഷൻ 41ാം വാർഡിൽ തീപാറും പോരാട്ടം. എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റുമായ കെ.എസ്. വിജയന്റെ രംഗപ്രവേശമാണ് വാർഡിലെ മത്സരം കടുപ്പിച്ചത്. ഇടതു, വലതു മുന്നണി സ്ഥാനാർത്ഥികളേക്കാൾ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇവിടെ. വീടുകയറലും പരസ്യപ്രചാരണങ്ങളും തിരഞ്ഞെടുപ്പിന് വീറും വാശിയും ഏറ്റുന്നു.

എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച വിജയന് വാർഡിൽ രാഷ്ട്രീയ, ജാതി, മത പരിഗണനകൾക്ക് അതീതമായ ശക്തമായ ബന്ധങ്ങളുണ്ട്. ഒട്ടേറെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് വിമുക്ത ഭടൻ കൂടിയായ ഇദ്ദേഹം. ഇപ്പോൾ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമാണ്.

തൃക്കാക്കര മണ്ഡലത്തിൽ ബി.ഡി.ജെ.എസിന് ശക്തമായ അടിത്തറയിട്ടത് വിജയന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്. പാലാരിവട്ടം ഫ്ളൈഓവർ അപകടാവസ്ഥയിലാണെന്ന കാര്യം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് വിജയന്റെ നേതൃത്വത്തിൽ ബി.ഡി.ജെ.എസ് നടത്തിയ സമരമാണ്. വെണ്ണല സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബി.ഡി.ജെ.എസ് വിറപ്പിക്കുകയും ചെയ്തു.

ബി.ജെ.പി പ്രവർത്തകരും വാർഡിൽ ഇദ്ദേഹത്തിനായി കൈമെയ് മറന്ന് പ്രവർത്തിക്കുന്നുണ്ട്. വിജയം തനിക്കൊപ്പമാകുമെന്നാണ് വിജയന്റെ ആത്മവിശ്വാസം. മൂന്നുവട്ടം സ്ഥാനാർത്ഥിയും സംഘവും വീടുകൾ കയറി ഇറങ്ങിക്കഴിഞ്ഞു. ഇപ്പോൾ നാലാംവട്ട പര്യടനത്തിലാണ്. യു.ഡി.എഫിന്റെ എം.ബി. മുരളീധരനും എൽ.ഡി.എഫിന്റെ രതീഷുമാണ്. ഇരുമുന്നണികളേക്കാൾ മുന്നിട്ടുനിൽക്കുന്ന രീതിയിലാണ് കെ.എസ്. വിജയന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.