മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തായി പരാതി . ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റെ പ്രചാരണ വാഹനമാണ് കല്ലൂർക്കാട് പൊലിസ് പിടികൂടിയത്. കളക്ടർ നൽകിയ റെക്കോർഡുകളടക്കം പെർമിറ്റടക്കം രേഖകൾ മുഴുവൻ നൽകിയിട്ടും യോഗസ്ഥലത്ത് നിന്നും പൊലിസ് വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. യു.ഡി.എഫ് നേതാക്കൾ സ്റ്റേഷനിലെത്തി സംസാരിക്കുകയും ആവശ്യപ്പെട്ട രേഖകൾ മുഴുവൻ കാണിക്കുകയും ചെയ്തിട്ടും പൊലീസ് വാഹനം വിട്ടുനൽകാൻ തയാറായില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ കല്ലൂർക്കാട് പഞ്ചായത്ത് കവലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ യു.ഡി.എഫ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെയാണ് വാഹനം വിട്ടു നൽകുകയായിരുന്നു.